Connect with us

Education

മലയാളം സര്‍വകലാശാല എം ബി എ ഉള്‍പ്പെടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നു

Published

|

Last Updated

കോഴിക്കോട്: മലയാള സര്‍വകലാശാല പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം ബി എ, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം, മാസ്റ്റര്‍ ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്‌സുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. സര്‍വകലാശാലയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണവും മലയാളത്തിലൂടെ സാധ്യമാകുമെന്ന് തെളിയിച്ചതാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രചോദനമെന്ന് വി സി ചൂണ്ടിക്കാട്ടി.

സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മലയാളം നിഘണ്ടു വരുന്ന ആഗസ്റ്റില്‍ നിലവില്‍ വരും. ഓണ്‍ലൈനായി ലഭ്യമാകുന്ന സമഗ്ര മലയാളം നിഘണ്ടുവിന്റെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി നടന്നു വരുന്നുണ്ട്. ഒരു ലക്ഷത്തി മുപ്പതിനായിരം വാക്കുകളുമായാണ് സമഗ്ര ഓണ്‍ലൈന്‍ നിഘണ്ടു സമര്‍പ്പിക്കുന്നത്. ആരംഭിച്ചു കഴിഞ്ഞാലും നിഘണ്ടുവില്‍ പുതിയ വാക്കുകളും പ്രാദേശിക പദങ്ങളും ശാസ്ത്ര സാങ്കേതിക പദങ്ങളും നിരന്തരം കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കും.
എഴുത്തച്ഛന്‍, എ ആര്‍ രാജരാജവര്‍മ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥ സൂചി തയ്യാറാക്കല്‍ നടന്നു വരികയാണ്. സമകാലിക എഴുത്തുകാരില്‍ എം ടി വാസുദേവന്‍ നായരെ കുറിച്ചും ഗ്രന്ഥ സൂചി തയ്യാറാക്കും. മലയാള സാഹിത്യത്തെ പരിഭാഷകളിലൂടെ പുറംലോകത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ സര്‍വകലാശാല പരിഭാഷാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആദ്യമായി രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന പുസ്തകമാണ് പരിഭാഷപ്പെടുത്തിയത്. ഖദീജാ മുംതാസിന്റെ ബര്‍സ, അംബികാ സുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്നിവ ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് പുസ്തകങ്ങള്‍ കൂടി പരിഭാഷപ്പെടുത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയിലാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. മറ്റ് ഭാഷകളില്‍ കൂടി പുസ്തകം പരിഭാഷപ്പെടുത്തണമെന്ന് താത്പര്യമുണ്ട്.
മലയാള സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി പ്രഭാഷണം സംഘടിപ്പിക്കും. ജൂലൈയില്‍ കോഴിക്കോട് വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. സതീഷ് ദേശ് പാണ്‌ഡെയാണ് പ്രഭാഷണം നടത്തുക.
എടക്കല്‍ ഗുഹയെ കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി അടുത്ത മാസം 28, 29 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കും. മലയാളത്തിന്റെ ഉപയോഗം വിദ്യാഭ്യാസ മേഖലയിലും ഭരണ തലത്തിലും വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമവും നയവും വലിയ കാല്‍വെപ്പാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃഭാഷാ സംഗമത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മിനി കൃഷ്ണനും പങ്കെടുത്തു.

---- facebook comment plugin here -----

Latest