Connect with us

Editorial

പരീക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം

Published

|

Last Updated

സാംസ്‌കാരിക കേരളത്തെ നാണംകെടുത്തുന്ന നടപടികളാണ് ഞായറാഴ്ച നടന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ(നീറ്റ്)യുടെ ഭാഗമായി പല കേന്ദ്രങ്ങളിലും നടന്നത്. കോപ്പിയടി തടയാനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായി വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തുകയും ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയും ചെയ്തു. ക്ലാസ് മുറിക്കുള്ളില്‍ വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ ഏല്‍പ്പിച്ചു പരീക്ഷയെഴുതേണ്ടി വന്ന വിദ്യാര്‍ഥിനികളുണ്ട്. പലര്‍ക്കും ദൂരസ്ഥലങ്ങളില്‍ പോയി വസ്ത്രം വാങ്ങി പരീക്ഷ എഴുതേണ്ടിവന്നു. ജീന്‍സിന്റെ ഹുക്കും പോക്കറ്റും അഴിച്ചു നീക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. പോക്കറ്റ് മാറ്റിയാല്‍ ശരീരം കാണുമെന്ന് പറഞ്ഞിട്ടും കേട്ടില്ലത്രേ. അധികൃതരുടെ അതിരു കടന്ന ഈ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മാനസികമായി തളര്‍ന്നു. കണ്ണിരോടെയാണ് പലരും പരീക്ഷാ ഹാളിലേക്ക് കയറിയത്. അവരുടെ പരീക്ഷയെ ഇതു ബാധിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ വര്‍ഷം മുസാഫര്‍പൂരില്‍ നടന്ന ആര്‍മി ക്ലര്‍ക്ക് പരീക്ഷക്ക് വസ്ത്ര ധാരണയിലുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദങ്ങള്‍ക്കിടയായതാണ്. വലിയൊരു ഗ്രൗണ്ടില്‍ നടന്ന, 11,000 പേരുള്‍ക്കൊള്ളുന്ന പരീക്ഷാര്‍ഥികളോട് അണ്ടര്‍വെയര്‍ ഒഴിച്ച് മറ്റുള്ളവയെല്ലാം അഴിച്ചുവെക്കണമെന്നായിരുന്നു അവിടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പരീക്ഷാര്‍ഥികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകളോ എഴുതാന്‍ മേശയോ നല്‍കിയുമില്ല. മിക്കവരും നിലത്ത് കുനിഞ്ഞിരുന്നായിരുന്നു പരീക്ഷ പൂര്‍ത്തിയാക്കിയത്. മുസാഫര്‍പൂരിലെ ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നുണ്ട് പുതിയ സംഭവം. പാന്റ്, ഷൂ, മുഴുക്കൈ വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ലോഹാഭരണങ്ങള്‍ എന്നിവ ധരിക്കരുതെന്ന് നീറ്റ് പരീക്ഷാ ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടത്രെ. എന്നാല്‍ അടിവസ്ത്രം പാടില്ലെന്ന നിബന്ധന ഇല്ലെന്നിരിക്കെ എന്തിന് അതഴിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥിനികളും രക്ഷിതാക്കളും ചോദിക്കുന്നത്. പരീക്ഷക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ അപ്പേരില്‍ മോഷ്ടാക്കളോടും ക്രിമിനലുകളോടുമെന്ന മട്ടില്‍ വിദ്യാര്‍ഥികളോട് പെരുമാറുകയും കാടന്‍ രീതിയിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനവും സ്ത്രീത്വത്തോടുള്ള അവഹേളനവുമാണിത്. പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിനികളെ അവഹേളിച്ചവര്‍ക്കെതിരെ ശിക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.

സി സി ടി വി ക്യാമറ സംവിധാനിച്ച ഹാളുകളിലാണ് നീറ്റ് പരീക്ഷകള്‍ നടത്തുന്നത്, ക്രമക്കേട് കണ്ടെത്താന്‍ അതു തന്നെ ധാരാളമാണെന്നിരിക്കെ എന്തിന് പെണ്‍കുട്ടികളുടെ അടി വസ്ത്രം അഴിപ്പിച്ചും ചുരിദാറിന്റെ കൈ വെട്ടിയും അവരെ പീഡിപ്പിക്കുന്നു?

കോപ്പിയടി തടയാന്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ വസ്ത്രധാരണയില്‍ ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ? കോപ്പിയടിക്കണമെന്ന് തീരുമാനിച്ചാല്‍ തന്ത്രശാലിയായ പരീക്ഷാര്‍ഥിക്ക് ഇതൊന്നും ഒരു തടസ്സമേയല്ല. ഇക്കാലത്ത് നിരവധി സംവിധാനങ്ങള്‍ അതിനുണ്ട്. തിരുവനന്തപുരത്തെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷത്തെ എം ബി ബി എസ് പരീക്ഷയില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു കൂട്ടകോപ്പിയടി. എം ബി ബി എസ് ജനറല്‍ മെഡിസിന്‍ പേപ്പര്‍ ഒന്ന് പരീക്ഷക്ക് ഏഴ് വിദ്യാര്‍ഥികള്‍ വയര്‍ലെസ് ബഌടൂത്ത് ചെവിയില്‍ ഘടിപ്പിച്ചാണ് പരീക്ഷാഹാളില്‍ എത്തിയത്. ചോദ്യങ്ങള്‍ ഇതുവഴി പറഞ്ഞുകൊടുക്കുകയും ഉത്തരങ്ങള്‍ തിരികെ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന രീതിയാണ് അവിടെ പരീക്ഷിച്ചത്. വളച്ച് കൂര്‍പ്പിച്ച നഖക്കുഴിയിലടക്കം ഉത്തരത്തുണ്ടുകള്‍ ഒളിപ്പിച്ച് വെക്കുന്നവരും ശരീരത്തിലെ സ്വകാര്യയിടങ്ങളില്‍ സമര്‍ഥമായി ഒളിപ്പിച്ച് വെച്ച ചെറിയ നോട്ട് ബുക്കുകള്‍ ഞൊടിയിടക്കുള്ളില്‍ വലിച്ചൂരിയെടുത്ത് നോക്കി എഴുതുന്ന “മിടുക്കന്മാരു”മുണ്ട് നമ്മുടെ നാട്ടില്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തി ഉത്തരങ്ങള്‍ എത്തിച്ചുകൊടുക്കുന്ന മാഫിയകളും സജീവം. കര്‍ണാടകയിലെ ഒരു സര്‍വകലാശാല ഉദ്യോഗസ്ഥന്‍, പരീക്ഷാസെന്ററില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലെത്തിച്ച ഉത്തരപേപ്പര്‍ മാറ്റി, പകരം വിദ്യാര്‍ഥി വീട്ടില്‍നിന്ന് എഴുതിക്കൊണ്ടുവന്ന ഉത്തര പേപ്പര്‍ തിരുകിക്കയറ്റിയ സംഭവവും മാധ്യമങ്ങളില്‍ വന്നതാണ്. സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചുള്ള കോപ്പിയടിയും നടക്കുന്നുണ്ട്.
കോപ്പിയടിക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥാപനാധികൃതരും പരീക്ഷാ ഉദ്യോഗസ്ഥരും പ്രോത്സാഹനം നല്‍കുന്ന രക്ഷിതാക്കളും ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരും സ്വന്തക്കാരെ ജയിപ്പിക്കുന്ന അധികാരികളും വാഴുന്ന രാജ്യത്ത് അടിവസ്ത്രങ്ങള്‍ അഴിപ്പിച്ചത് കൊണ്ടോ ശിരോവസ്ത്രം വിലക്കിയത് കൊണ്ടോ പരിഹരിക്കാവുന്നതല്ല കോപ്പിയടി. നീറ്റുള്‍പ്പെടെ രാജ്യത്തെ പരീക്ഷകളിലെല്ലാം മാനദണ്ഡങ്ങള്‍ പുതുക്കുകയും അപരിഷ്‌കൃത നിബന്ധനകള്‍ എടുത്തു കളയുകയും ചെയ്യേണ്ടതുണ്ട്.