ഉത്തമ സന്താനങ്ങള്‍ ജനിക്കാന്‍ ആര്‍ എസ് എസിന്റെ ഗര്‍ഭ സന്‍സ്‌കാര്‍

Posted on: May 8, 2017 7:27 pm | Last updated: May 8, 2017 at 7:27 pm

കൊല്‍ക്കത്ത: ബുദ്ധിയും ഉയരവും വെളുത്ത നിറവുമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ ‘പൗരാണിക ഭാരത രഹസ്യം’ വാഗ്ദാനം ചെയ്ത് ആര്‍ എസ് എസ് ബന്ധമുള്ള സംഘടന. ഗര്‍ഭ സന്‍സ്‌കാര്‍ എന്ന പേരില്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ശില്‍പ്പശാലയില്‍ പങ്കെടുത്താല്‍ ‘ഉത്കൃഷ്ട സന്താനം’ സിദ്ധിക്കുമെന്ന് ആര്‍ എസ് എസിന്റെ ആരോഗ്യ വിഭാഗമായ ആരോഗ്യ ഭാരതി വാഗ്ദാനം ചെയ്യുന്നു.
ആധുനിക ശാസ്ത്രം ജനിതക എന്‍ജിനീയറിംഗ് എന്ന പേരില്‍ ടെസ്റ്റ് ട്യൂബുകളില്‍ നടത്തുന്നത് ഗര്‍ഭ സന്‍സ്‌കാറിലൂടെ ഗര്‍ഭപാത്രത്തിനകത്ത് ചെയ്യാന്‍ കഴിയുമെന്നാണ് ആരോഗ്യ ഭാരതി അവകാശപ്പെടുന്നത്. ജര്‍മനിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള പദ്ധതിയുടെ ഭാഗമായി ഇതിനകം കര്‍ണാടകയിലെ ഉഡുപ്പി, കേരളത്തിലെ കാസര്‍കോട്, ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ ഇത്തരം ശില്‍പ്പശാലകള്‍ നടന്നിട്ടുണ്ടെന്ന് ആരോഗ്യ ഭാരതി വക്താവും ഗര്‍ഭ വിജ്ഞാന്‍ സന്‍സ്‌കാര്‍ ദേശീയ കണ്‍വീനറുമായ ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാനി വെളിപ്പെടുത്തുന്നു.

അതിനിടെ, ഈ പദ്ധതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്ത് ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാന്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന പരിപാടി തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശില്‍പ്പശാലയില്‍ ക്ലാസ് മാത്രമേ നടത്താവൂ എന്നും ഒരു തരത്തിലുമുള്ള ചികിത്സയും നടത്തരുതെന്നും ഹൈക്കോടതി ബഞ്ച് നിര്‍ദേശം നല്‍കി.

ക്ലാസിനെത്തുന്നവരില്‍ നിന്ന് ഫീസ് ഈടാക്കരുതെന്നും കോടതി നിഷ്‌കര്‍ഷിച്ചു. പരിപാടിയുടെ ശാസ്ത്രീയതയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആര്‍ എസ് എസിന്റെ കൗണ്‍സലിംഗിന് യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും ഇത് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാത്പര്യ ഹരജി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നാണ് ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കോടതി ഇടപെടല്‍ ശിശു അവകാശത്തിനും അന്ധവിശ്വാസത്തിനുമെതിരായ വിജയമാണെന്ന് ശിശു അവകാശ സംരക്ഷക കമ്മീഷന്‍ വക്താവ് അനന്യ ചക്രവര്‍ത്തി പറഞ്ഞു. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും തെറ്റായ ധാരണകള്‍ പരത്തുന്നതും തടയാന്‍ കോടതിയുടെ ഇടപെടല്‍ ഉപകരിക്കുമെന്ന് അനന്യ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഗര്‍ഭ വിജ്ഞാന്‍ സന്‍സ്‌കാര്‍ എന്ന പദ്ധതിയുടെ ഭാഗമായുള്ള ശില്‍പ്പശാലയാണ് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്നതെന്നും ഇത് ദേശവ്യാപകമായി നടക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നും ആര്‍ എസ് എസ് പറയുന്നു. 500 രൂപയാണ് ദമ്പതികള്‍ നല്‍കേണ്ട ഫീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ തുടങ്ങിയതാണ് പദ്ധതിയെന്നും ‘ശരാശരിക്കാരായ’ മാതാപിതാക്കള്‍ക്ക് ഉത്തമ സന്താനങ്ങളെ സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും ആര്‍ എസ് എസ് വൃത്തങ്ങള്‍ പറയുന്നു. രാജ്യവ്യാപകമായി ശില്‍പ്പശാലകള്‍ നടത്താനാണ് നീക്കം. ഭാരതീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആചാര പരിശീലന ക്രമങ്ങള്‍ അനുവര്‍ത്തിക്കുക വഴി ഇതിനകം 450 ഉത്തമ കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞുവെന്നും സംഘടന അവകാശപ്പെടുന്നു. 2020 ഓടെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ വരുമെന്നും അവര്‍ വ്യക്തമാക്കുന്നു.

മൂന്ന് മാസക്കാലം പ്രത്യേക ചിട്ടകള്‍ പാലിച്ച് ‘ശുദ്ധീകരണ’ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് ക്ലാസില്‍ നിഷ്‌കര്‍ഷിക്കുക. തുടര്‍ന്ന് ഗ്രഹനിലയനുസരിച്ച് തിരഞ്ഞെടുത്ത ദിവസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. ഇതോടെ നല്ല നിറവും ഉയരവും ഐക്യൂവും ഉള്ള കുഞ്ഞ് ജനിക്കുമെന്ന് ശില്‍പ്പശാലയില്‍ എത്തുന്നവരോട് പറയുന്നു.
ആയുര്‍വേദത്തിന്റെ സഹായത്തോടെ രണ്ടാം ലോകയുദ്ധത്തിന് ശേഷം ജര്‍മനി അവിടുത്തെ കുട്ടികളെ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തതാണെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ഐ ക്യൂ കുറഞ്ഞ രക്ഷിതാക്കള്‍ക്ക് ഉയര്‍ന്ന ഐ ക്യൂ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കണം. എന്നാല്‍, മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂവെന്നാണ് ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാനി പറയുന്നത്.