നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും തൂക്കുകയര്‍ തന്നെ

Posted on: May 5, 2017 2:52 pm | Last updated: May 6, 2017 at 9:18 am

ന്യൂഡല്‍ഹി: 2012ലെ നിര്‍ഭയ കൂട്ടക്കൊലക്കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ സുപ്രിം കോടതി ശരിവെച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും ഇരക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്ക് പരമാവധീ ശിക്ഷ നല്‍കേണ്ടതുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി. കേസില്‍ ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചതിന് എതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പ്രതികളായ അക്ഷയ്, പവാന്‍, വിനയ് ശര്‍മ, മുകേശ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2013ല്‍ വിചാരണക്കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ഇത് 2014ല്‍ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

സമാനതയില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി വിലയിരുത്തി.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടക്കിയ സംഭവം നടന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി രണ്ടാഴ്ചക്ക് ശേഷം മരിച്ചു. കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിംഗ് വിചാരണക്കാലയളവില്‍ തിഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്. മൂന്ന് വര്‍ഷത്തെ തടവിന് ശേഷം ഇയാള്‍ പുറത്തിറങ്ങി. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ക്രിമിനല്‍ നടപടി ക്രമത്തിലെ വ്യവസ്ഥകളും പാലിക്കാതെയാണ് കീഴ്‌കോടതി വധശിക്ഷ വിധിച്ചതെന്ന അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ചൂടേറിയ വാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. പ്രതികള്‍ക്ക് ആജീവനാന്ത വധശിക്ഷ നല്‍കുന്നത് പരിഗണിക്കണമെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല.