ഐ പി എസ് ഓഫീസര്‍ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണം തട്ടിയയാള്‍ പിടിയില്‍

Posted on: May 4, 2017 12:25 pm | Last updated: May 4, 2017 at 12:09 pm

തൃശൂര്‍: ഐ പി എസ് ഓഫീസര്‍ ചമഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക ശേഷിയുള്ള സ്ത്രീകളെ വശീകരിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് പണം തട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തോട്ടത്തില്‍ ലയിനില്‍ മൂലംക്കുളം ജോയിയുടെ മകന്‍ നൈല്‍സിനെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ താമസിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വിവാഹ വാഗ്ദാനം ചെയ്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ലക്ഷം രൂപയും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്നുമായിരുന്നു പരാതി. പല സ്ത്രീകളെയും ഇങ്ങനെ വഞ്ചിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ യുവതി തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവിലും മെട്രോ നഗരങ്ങളിലും താമസിച്ചിരുന്ന നൈല്‍സ് ഐ പി എസ് പ്രൊബേഷനിലാണെന്ന് പരിചയപ്പെടുത്തിയാണ് സ്ത്രീകളെ വശത്താക്കിയിരുന്നത്. ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യുന്ന ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ഫേസ് ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. ലോക്കല്‍ പോലീസ് പ്രതിയെ പിടികൂടാതായപ്പോള്‍ പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. തുടര്‍ന്നാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.