കാശ്മീരിൽ സെെന്യം തിരിച്ചടിച്ചു; ഏഴ് പാക് സെെനികർ കൊല്ലപ്പെട്ടു

Posted on: May 2, 2017 9:50 am | Last updated: May 2, 2017 at 11:42 am

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ പാക് സൈന്യത്തിന് ഇന്തയുടെ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പോസ്റ്റുകളും സൈന്യം തകര്‍ത്തു. കൃഷ്ണഘട്ടിയിലെ പിമ്പിള്‍, കൃപാന്‍ പോസ്റ്റുകളാണ് സൈന്യം നാമാവശേഷമാക്കിയത്.

ഇന്ത്യന്‍ സൈന്യത്തിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കരസേന മേധാവി ബിപിന്‍ റാവത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കാശ്മീരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സുരക്ഷാകാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി വരികയാണ്.

ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍, 22 സിഖ് റെജിമെന്റിലെ ജവാന്‍ പരംജിത് സിംഗ് എന്നിവരാണ് പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. ഇവരുടെ തലയറുത്ത ശേഷം മൃതദേഹം പാക് സൈന്യം വികലമാക്കിയിരുന്നു.