Connect with us

National

ഗുവാഹത്തില്‍ ആരാധനാലയങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ''നിശ്ശബ്ദ മേഖല''

Published

|

Last Updated

ഗുവാഹതി: അസം തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍, ചര്‍ച്ചുകള്‍ ഉള്‍പ്പെടെ എല്ലാ മതസ്ഥാപനങ്ങളുടെയും നൂറ് മീറ്റര്‍ ചുറ്റളവ് പ്രദേശം നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചു. കാമരൂപ് മെട്രോ ജില്ലാ മജിസ്‌ട്രേറ്റ് എം അംഗമുത്തുവാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം കൂടി പരിഗണിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു.

പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയില്‍ ബാങ്ക് വിളി ക്കുന്നത് വലിയ ശല്യമെന്ന നിലയില്‍ ഗായകന്‍ സോനു നിഗം പറഞ്ഞത് വിവാദമായ പശ്ചാത്തലത്തില്‍ ഈ വിജ്ഞാപനത്തിന് ഏറെ പ്രധാന്യമുണ്ട്. “എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്‌ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത ആരാധന എന്ന് അവസാനിക്കും” എന്നായിരുന്നു ഗായകന്റെ ട്വീറ്റ്. ഇതിന് പിറകേ ഗയകനെ രൂക്ഷമായി വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി വാദഗതികളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. അതിനിടെ, സോനു നിഗം സുബ്ഹി ബാങ്ക് കേട്ടുണരുന്നുവെന്നത് വസ്തുതാപരമല്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ആരാധാനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ വിജ്ഞാപനത്തില്‍ നേരിട്ട് ഒന്നും പറയുന്നില്ല. രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷിണി അനുവദിക്കില്ലെന്നാണ് ഇതുസംബന്ധിച്ച് ആരാഞ്ഞപ്പോള്‍ അംഗമുത്തു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ വിജ്ഞാപനത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ശബ്ദമലിനീകരണ നിയന്ത്രണ നിയമം -2000ത്തിലെ ചട്ടം മൂന്ന് (രണ്ട്), പരിസ്ഥിതി സംരക്ഷണ നിയമം (1986) എന്നിയനുസരിച്ചാണ് നിശ്ശബ്ദ മേഖലാ പ്രഖ്യാപനം നടത്തിയത്.

ആരാധനാലയങ്ങള്‍ കൂടാതെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ നൂറ് മീറ്റര്‍ ചുറ്റളവും നിശ്ശബ്ദ മേഖലകളുടെ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്.