കുരുമുളക് വിപണി പ്രതിസന്ധിയില്‍; ഷീറ്റ് വില ഉയര്‍ത്താതെ ടയര്‍ കമ്പനികള്‍

Posted on: May 1, 2017 10:00 am | Last updated: April 30, 2017 at 11:02 pm

കൊച്ചി: വിദേശ കുരുമുളക് വരവ് ഉയരുമെന്ന ഭീതി വില തകര്‍ച്ചക്ക് ഇടയാക്കി. വാണിജ്യമന്ത്രാലയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഉത്പാദകര്‍ കടുത്ത പ്രതിസന്ധിയിലാകും. റബ്ബര്‍ സ്‌റ്റോക്ക് ചുരുങ്ങിയിട്ടും ഷീറ്റ് വില ഉയര്‍ത്താന്‍ ടയര്‍ കമ്പനികള്‍ തയ്യാറായില്ല. നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. സ്വര്‍ണം പവന് 22,000 രൂപ.
വിയെറ്റ്‌നാം കുരുമുളക് ഇറക്കുമതിക്കുള്ള സാധ്യതകള്‍ ആഭ്യന്തര മാര്‍ക്കറ്റിനെ തളര്‍ത്തി. റെക്കോര്‍ഡ് ഉല്‍പാദനമായതിനാല്‍ വിയെറ്റ്‌നാം നിരക്ക് താഴ്ത്തി ചരക്ക് കയറ്റുമതി നടത്താനുള്ള നീക്കത്തിലാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 57,200 ല്‍ നിന്ന് 54,200 രൂപയായി.

ഇന്ത്യന്‍ വ്യവസായികള്‍ ഇറക്കുമതിയിലേക്ക് തിരിഞ്ഞാല്‍ ആഭ്യന്തര കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിലാകും. ഉത്പാദകരെ സംരക്ഷിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നിശ്ചിത വിലയില്‍ താഴ്ന്ന കുരുമുളക് ഇറക്കുമതിക്ക് നിരോധനം വരുത്തിയാല്‍ പ്രതിസന്ധിയെ ഒരു പരിധി വരെ പിടിചുച നിര്‍ത്താനാവും. ടണ്ണിന് 6000 ഡോളര്‍ താഴ്ന്ന വിലയാണെങ്കില്‍ ഇറക്കുമതി ഡ്യൂട്ടിയായ 54 ശതമാനം കൂടി ചരക്കിന്മേല്‍ പതിയുമ്പോള്‍ കിലോ 550 രൂപയ്ക്ക് മുകളിലാവും. വിയെറ്റ്‌നാം ഇതിനകം തന്നെ 5000-5500 ഡോളറിന് ക്വട്ടേഷന്‍ ഇറക്കുന്നുണ്ട്.
റബര്‍ ടാപ്പിംഗ് നിലച്ച് മാസങ്ങള്‍ പിന്നിട്ടതോടെ ഉത്പാദന മേഖലയില്‍ ഷീറ്റ് ക്ഷാമം രൂക്ഷമായി. കഴിഞ്ഞ വര്‍ഷത്തെ വില തകര്‍ച്ച മുലം കര്‍ഷകരില്‍ വലിയോരു പങ്ക് ടാപ്പിങില്‍ നിന്ന് വിട്ടു നിന്നത് റബറിന്റെ കരുതല്‍ ശേഖരം കുറച്ചു. ജൂണ്‍ ആദ്യ പകുതിയിലും വിപണിയില്‍ ഷീറ്റ് ക്ഷാമം തുടരാം. ആര്‍ എസ് എസ് നാലാം ഗ്രേഡ് 13,900 ല്‍ നിന്ന് 14,250 വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം 14,000 ലേയ്ക്ക് താഴ്ന്നു. രാജ്യാന്തര റബര്‍ മാര്‍ക്കറ്റിലെ തളര്‍ച്ച തുടരുന്നു. ചൈനീസ് മാര്‍ക്കറ്റില്‍ റബറിന്റെ കരുതല്‍ ശേഖരം ഉയര്‍ന്ന വിവരം ജാപാനീസ് മാര്‍ക്കറ്റിനെ അല്‍പ്പം തളര്‍ത്തി.
സീസണ്‍ അടുത്തതോടെ സ്‌റ്റോക്കിസ്റ്റുകള്‍ ഏലക്ക ലേലത്തിന് ഇറക്കാന്‍ ഉത്സാഹിച്ചു. ജൂണില്‍ പുതിയ ഏലക്ക സജ്ജമാക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. വലിപ്പം കൂടിയ ഇനം ഏലക്ക കിലോ 1119-1270 രൂപയില്‍ വിവിധ ലേലങ്ങളില്‍ കച്ചവടം ഉറപ്പിച്ചു. ശരാശരി ഇനങ്ങള്‍ കിലോ 904 വരെ താഴ്ന്നു.

നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. പ്രദേശിക ആവശ്യം കുറഞ്ഞത് മില്ലുകാരില്‍ സമ്മര്‍ദ്ദമുളവാക്കി. തമിഴ്‌നാട്ടിലെ മില്ലുകാര്‍ മാസാരംഭ ഡിമാണ്ട് മുന്നില്‍ കണ്ട് കൂടുതല്‍ ചരക്ക് ഇറക്കുന്നുണ്ട്. 12,800 ല്‍ വില്‍പ്പന തുടങ്ങിയ എണ്ണ വാരാവസാനം 12,700 ലാണ്. കൊപ്ര 8630 രൂപയില്‍ നിന്ന് 8570 രൂപയായി. പാം ഓയില്‍ ഇറക്കുമതി ഉയര്‍ന്നതിനൊപ്പം നിരക്ക് താഴ്ന്നത് വില കുറക്കാന്‍ വ്യവസായികളെ പ്രേരിപ്പിച്ചു.
ജാതിക്ക വിളവെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വേനല്‍ മഴ തുടര്‍ന്നാല്‍ വിളവെടുപ്പിന് അല്‍പ്പം കാലതാമസം നേരിടാം. വ്യവസായികളും കയറ്റുമതിക്കാരും പുതിയ ജാതിക്ക വരവിനെ ഉറ്റ്‌നോക്കുകയാണ്.
സ്വര്‍ണ വില കുറഞ്ഞു. ആഭരണ വിപണിയില്‍ പവന്റെ നിരക്ക് താഴ്ന്നത് വില്‍പ്പനതോത് ഉയര്‍ത്തി.