ഉമര്‍ സാഹിബ് കൈയൊപ്പ് പതിപ്പിച്ച കര്‍മ മേഖലകള്‍ നിരവധി

Posted on: April 30, 2017 11:50 pm | Last updated: April 30, 2017 at 11:37 pm

കോഴിക്കോട്: ഇരുപത്തഞ്ചോളം സ്ഥാപനങ്ങളുടെ സാരഥി, ഡസന്‍ കണക്കിന് സംഘടനകളുടെ സംസ്ഥാന പ്രതിനിധി. നങ്ങം പറമ്പില്‍ ഉമര്‍ ഹാജിക്ക് മാത്രം സ്വന്തമാക്കാവുന്ന സവിശേഷതയാണിത്്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം, മര്‍കസ് പ്രവര്‍ത്തക സമിതിയംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗം, ബൈത്തുല്‍ ഇസ്സ സുന്നി സെന്റര്‍ പ്രവര്‍ത്തക സമിതിയംഗം, പന്നിയങ്കര റൗള സെക്രട്ടറി, സ്റ്റേഡിയം പള്ളി കമ്മിറ്റി സെക്രട്ടറി, കണ്ണാടിക്കല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി, കൈയടിത്തോട് ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയവ ഏറെക്കാലമായി അദ്ദേഹം വഹിച്ചുപോരുന്ന പദവികളാണ്. ആരും ഏറ്റെടുക്കാത്ത സാരഥ്യം ഉമര്‍സാഹിബിന്റെ തലയില്‍ കെട്ടിവെച്ചാലും അദ്ദേഹം വൈമുഖ്യം കാട്ടില്ലെന്ന് മാത്രമല്ല, അഹോരാത്രം പരിശ്രമിക്കും ഓരോ പുതിയ ദൗത്യങ്ങളും യാഥാര്‍ഥ്യമാക്കാന്‍. നേതാവും പ്രവര്‍ത്തകനുമാവും എല്ലായ്‌പ്പോഴും.

നഗരത്തിലെ സുന്നി സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി ഉമര്‍ സാഹിബ് ആദ്യകാലങ്ങളില്‍ നിയോഗിക്കപ്പെട്ടത് വെറും സ്‌ക്വാഡ് ലീഡറായാണ്. ഏത് സ്‌ക്വാഡിനെക്കാളും അദ്ദേഹം നേതൃത്വം നല്‍കുന്ന സ്‌ക്വാഡ് കാര്യക്ഷമതയില്‍ ഒരു മുഴം ആയിരിക്കില്ല, ഒരു കാതം മുമ്പിലായിരിക്കും. ദൗത്യമേറ്റെടുത്ത് അതിരാവിലെ സഹപ്രവര്‍ത്തകരെ വിളിച്ചെഴുന്നേല്‍പ്പിച്ച് ആവേശത്തോടെ നേതൃത്വം നല്‍കുന്ന കര്‍മയോഗി. മഹല്ല് കമ്മിറ്റികളും സംഘടനാ നേതൃത്വവും നല്‍കുന്ന സംഭാവന ടാര്‍ജറ്റുകള്‍ ഒരിക്കലും ബലികേറാമലയാകാറില്ല, ഉമര്‍ സാഹിബിന്. ഹൗള് പുനരുദ്ധാരണം മുതല്‍ പള്ളി പുനര്‍നിര്‍മാണം വരെ ഏല്‍പ്പിച്ചാലും പുഞ്ചിരിയോടെ പിരിവിനെത്തുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ അഭ്യര്‍ഥനയും സ്‌നേഹോഷ്മള സമീപനവും ആര്‍ക്കും അരോചകമാകാറുമില്ല. ക്ഷേമാന്വേഷണത്തിനിടയില്‍ വേദനിക്കുന്ന മനസ്സുകളെ കണ്ടറിയുകയും സാന്ത്വന സ്പര്‍ശം സമ്മാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ മഹിത മാതൃക അനുകരണീയമാണ്. രാവും പകലും സംഘടനക്കും സ്ഥാപനങ്ങള്‍ക്കുമായി ഓടി നടക്കുന്ന അദ്ദേഹം മരുന്നു കടയില്‍ ചെന്ന് ഉറക്ക മരുന്ന് ചോദിച്ച ഒരു സംഭവം ഉദാഹരിച്ചാല്‍ ബോധ്യപ്പെടും അദ്ദേഹത്തിന്റെ കര്‍മോത്‌സുകത. പ്രമേഹ ഗുളിക വാങ്ങുന്നതിനിടയില്‍ ഉറക്കമില്ലായ്മക്കും ഗുളിക അന്വേഷിച്ച ഉമ്മര്‍ സാഹിബ് കാരണം തിരക്കിയ മെഡിക്കല്‍ ഷാപ്പുടമയോട് സമയമില്ലായ്മയാണെന്ന് തുറന്നു പറഞ്ഞത് ഫലിതമായി തോന്നാമെങ്കിലും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ദൈനംദിന യോഗങ്ങള്‍ക്കിടയില്‍ ഉറങ്ങാന്‍ പലപ്പോഴും സമയം കിട്ടാറില്ല അദ്ദേഹത്തിന്.

സര്‍ക്കാര്‍ ജോലി നോക്കുമ്പോഴും സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മുഖം തിരിച്ചില്ല ഈ സംഘാടകന്‍. കുടുംബത്തെയും മക്കളെയും മറന്ന് പോലും സംഘടനയുടെ പ്രചാരണത്തിനും പ്രബോധനത്തിനും സമയം കണ്ടെത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ഫയലുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്ന അദ്ദേഹം സര്‍ക്കാറില്‍ നിന്ന് അര്‍ഹമല്ലാത്തതൊന്നും കൈപ്പറ്റാന്‍ തയ്യാറായിരുന്നില്ല. സുഖചികിത്സക്കും, കുഴമ്പ് വാങ്ങാനും റീഇമ്പേഴ്‌സ്‌മെന്റിലൂടെ പണം തട്ടിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു. ഹൃദ്രോഗത്തിന് ആന്‍ജിയോ പ്ലാസ്റ്റി നടത്തി ഭീമമായ തുക ചെലവഴിച്ചിട്ടും ചില്ലിക്കാശ് പോലും വാങ്ങിയില്ല അദ്ദേഹം.
രാഷ്ട്രീയ പകപോക്കലുകള്‍ക്കിടയില്‍ നാടുനീളെ പണിയെടുക്കേണ്ടി വന്നിട്ടും ആരോടും കാണിച്ചില്ല പരിഭവം. കുടുംബം പുലര്‍ത്താന്‍ തോണിയും ജീപ്പും കയറി ഹൈറേഞ്ചുകളില്‍ വരെ പണിയെടുത്തു. അവിടെങ്ങളിലൊക്കെ സംഘടനയുടെ പ്രചാരണവും അദ്ദേഹം നിര്‍വഹിക്കുകയുണ്ടായി.

രാവും പകലും സംഘടനക്കും സ്ഥാപനങ്ങള്‍ക്കുമായി ഓടി നടക്കുന്ന അദ്ദേഹം പലപ്പോഴും നാട്ടു കോടതിയാവാറുണ്ട്. സംഘടനാ തര്‍ക്കങ്ങള്‍ മാത്രമല്ല, വ്യക്തികളും മഹല്ലുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ പോലും ഉമര്‍ സാഹിബിന്റെ കണ്ണാടിക്കലിലെ ചീരക്കുന്നുമ്മല്‍ താഴെ വീട്ടിലെ ഓഫീസ് മേശക്ക് മുമ്പിലെ ഈ കോടതിയിലാണ് പലപ്പോഴും തീരുന്നത്. ആണും പെണ്ണും തമ്മിലുള്ള പ്രശ്‌നങ്ങള്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ എന്നിവക്കെല്ലാം ഓഫീസ് മുറിയില്‍ ചെറിയൊരിടം ഒരുക്കിയിട്ടുണ്ട്. സൗഹൃദത്തിന്റെ പാലം പണിയുകയായിരുന്നു പരിചയപ്പെടുന്നവരോടെല്ലാം. പരിചയമില്ലാത്തവരോട് പോലും സൗഹൃദ സംഭാഷണത്തിന് തുടക്കമിടുന്ന അദ്ദേഹം എളുപ്പം ആളുകളുടെ മനം കവരും. ട്രെയിന്‍ യാത്രക്കിടയിലും ബസ് യാത്രാവേളയിലും വാചാലനാവുന്ന അദ്ദേഹത്തിന്റെ ചര്‍ച്ചകളില്‍ ദേശീയവും അന്തര്‍ദേശീയവുമെല്ലാം വിഷയീഭവിക്കും .