Connect with us

International

സംയുക്ത സൈനിക പരിശീലനവുമായി വീണ്ടും ദ. കൊറിയയും അമേരിക്കയും

Published

|

Last Updated

ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കി യു എസ് സൈന്യവുമായി ചേര്‍ന്ന്
ദക്ഷിണ കൊറിയ നടത്തിയ സൈനിക പരിശീലനത്തില്‍ നിന്ന്

സിയൂള്‍: ഉത്തര കൊറിയയുടെ ഭീഷണി വകവെക്കാതെ സൈനിക തയ്യാറെടുപ്പുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനിക പരിശീലനവുമായി വീണ്ടും രംഗത്തെത്തി. ഉത്തര കൊറിയയെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന സൈനിക പരിശീലനമാണിത്. യു എന്നിന്റെയും യു എസിന്റെയും മുന്നറിയിപ്പ് വകവെക്കാതെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കുള്ള മറുപടിയെന്നോണമാണ് സംയുക്ത സൈനിക പരിശീലനവുമായി ഇരുരാജ്യങ്ങളും രംഗത്തെത്തിയത്.

ഫോള്‍ ഈഗിള്‍ ഡ്രില്‍ എന്ന പേരില്‍ നടത്തിയ പരിശീലനത്തില്‍ 20,000 ദക്ഷിണ കൊറിയന്‍ സൈനികരും പത്തായിരത്തോളം യു എസ് സൈനികരും അണിനിരന്നു.
അതിനിടെ, ഉത്തര കൊറിയയെ പ്രതിരോധിക്കാന്‍ അനിവാര്യമായി മാറിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ദക്ഷിണ കൊറിയ 100 കോടി ഡോളര്‍ നല്‍കണമെന്ന ആവശ്യം അമേരിക്ക ആവര്‍ത്തിച്ചു. ദക്ഷിണ കൊറിയ പണം നല്‍കണമെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ട്രംപിന്റെ സുരക്ഷാ ഉപദേശകന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉപദേശകനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവര്‍ത്തിച്ചു.
അമേരിക്കയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയയെ തകര്‍ക്കാനുള്ള സൈനിക നടപടി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ കനത്ത ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. അമേരിക്കയെ നേരിടാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കി പീരങ്കിപ്പടയുടെ പരീക്ഷണ ചിത്രങ്ങളും മറ്റും ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക പരിശീലനം ശക്തമാക്കാന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചത്.