National
റണ്‍വേയില്‍ ഒരേസമയം രണ്ട് വിമാനങ്ങള്‍; ഛണ്ഡിഗഢ് വിമാനത്തില്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി

ചണ്ഡിഗഢ്: യാത്രാവിമാനവും നാവികസേനാ വിമാനവും കൂട്ടിയിടിച്ച് ഉണ്ടാകാമായിരുന്ന വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി. ചണ്ഡിഗഢ് അന്താരാഷ്ട്ര വിമാനത്തിലാണ് സംഭവം.
151 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ വിസ്താര വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലൂടെ ഓട്ടം തുടങ്ങിയപ്പോള്‍ അതേ റണ്‍വേയില്‍ നാവികസേനാ വിമാനം വന്നിറങ്ങുകയായിരുന്നു. ഉടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അടിയന്തര സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് എയര്‍ വിസ്താര വിമാനം ടേക് ഓഫ് റദ്ദാക്കി മറ്റൊരു ഭാഗത്തേക്ക് മാറ്റി. ഉച്ച കഴിഞ്ഞ് 3.20നാണ് എയര്‍ വിസ്താര ടേക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ഇതറിയാതെ ഇതേസമയം നാവിക സേനാ വിമാനത്തിന് ലാന്‍ഡിംഗിന് അനുമതി നല്‍കുകയായരുന്നു. എയര്‍ ട്രാഫിക് വിഭാഗത്തിന്റെ അടിയന്തര ഇടപെടലും പൈലറ്റിന്റെ മനസാന്നിധ്യവുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
എയര്‍ വിസ്താര വിമാനം പിന്നീട് വൈകീട്ട് അഞ്ച് മണിക്ക് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.