പ്രവാചക കവിതാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted on: April 30, 2017 7:48 pm | Last updated: April 30, 2017 at 7:39 pm
പ്രവാചക കവിതാ അവാര്‍ഡ് ജേതാക്കള്‍ കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍
ഇബ്രാഹിം അല്‍ സുലൈത്വിക്കൊപ്പം

ദോഹ: പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ എഴുത്തും ഭാഷയും ആലാപന ഭംഗിയും മാറ്റുരച്ച കതാറയുടെ പ്രവാചക കാവ്യ മത്സരത്തില്‍ സഊദി കവി അബ്ദുല്ല ബിന്‍ മുഹമ്മദ് ഇന്‍സിക്ക് ഒന്നാം സ്ഥാനം. പത്തു ലക്ഷം റിയാലാണ് ഒന്നാം സമ്മാനത്തുക. സിറിയന്‍ കവി മുഹമ്മദ് അഹ്മദ് ദര്‍കൂശിക്കാണ് രണ്ടാംസ്ഥാനം (ഏഴു ലക്ഷം റിയാല്‍). ഈജിപ്ത് കവി സമീര്‍ മുസ്ഥഫ ഫരാഗ് മൂന്നാം സ്ഥാനത്തെത്തി (നാലു ലക്ഷം റിയാല്‍). ക്ലാസിക് വിഭാഗത്തിലാണ് ഈ അവാര്‍ഡുകള്‍. കഴിഞ്ഞ ദിവസം കതാറയില്‍ നടന്ന ചടങ്ങിള്‍ ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
നബാതി വിഭാഗത്തില്‍ സഊദിയില്‍ നിന്നുള്ള ഫായിസ് ബിന്‍ സര്‍ഹാന്‍ അല്‍ ത്വിബ്തി ഒന്നാം സ്ഥാനം നേടി (10 ലക്ഷം റിയാല്‍). മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹാദി അല്‍ അത്വീബി-സഊദി, അബ്ദുല്ല ഖാലിദ് ബനി ഖാലിദ്-ബഹ്‌റൈന്‍ എന്നിവര്‍ ഏഴ്, നാല് ലക്ഷം റിയാല്‍ വീതമുള്ള രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. രണ്ടാമത് പ്രവചാക കവിതാ അവാര്‍ഡുകളാണ് വെള്ളിയാഴ്ച രാത്രി കതാറ ഒപേറ ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചത്. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്വി അവാര്‍ഡുകള്‍ സമ്മാനിച്ചു. ‘മാനവാരാശിയുടെ വര്‍ണനകളിലാണ് കവിതയുടെ സൗന്ദര്യം വിടരുന്നത്’ എന്ന ആശയത്തിലാണ് കതാറ രണ്ടാമത് പ്രവാചക കവിതാ മത്സരം സംഘടിപ്പിച്ചത്.

കവിതക്കൊപ്പം അറബി ഭാഷയുടെ പ്രാധാന്യം കൂടി ഉയര്‍ത്തിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുസ്‌ലിം ലോകത്തെ ഐക്യവും ഇതിലൂടെ വിളംബരം ചെയ്യുന്നു. അറബ് വിലാസത്തോടൊപ്പം യൂവാക്കളെയും സമൂഹത്തെയും സാംസ്‌കാരികമായി ഉണര്‍ത്തുക എന്ന കതാറയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അവാര്‍ഡും അനുബന്ധ പരിപാടികളും ഒരുക്കുന്നത്. കവിതയിലെ പുതു തലമുറയെ അവതരിപ്പിക്കുന്നതിനും സംസ്‌കാരത്തിലും സമൂഹത്തിലും സ്വാധീനം ചെലുത്താനും കാവ്യോത്സവത്തിലൂടെ കഴിയുന്നതായി കതാറ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ക്ലാസിക്, നബാത്തി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് കവികള്‍ പങ്കെടുത്തു. നാലു ഘട്ടങ്ങളിലായി നടന്ന മത്സരത്തിലൂടെയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഒന്നാം ഘട്ടത്തില്‍ എട്ടു കവികള്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ അഞ്ചു പേരും മൂന്നാം ഘട്ടത്തില്‍ മൂന്നു പേരും മത്സരിച്ചു. രണ്ടു വിഭാഗത്തിലും ഒരേ രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. വിജയികള്‍ക്ക് ആകെ 42 ലക്ഷം റിയാലാണ് സമ്മാനമായി നല്‍കിയത്.

ഖത്വര്‍ ചാരിറ്റി, ഇഹ്‌സാന്‍, ചൈല്‍ഡ്ഹുഡ് കള്‍ചറല്‍ സെന്റര്‍, റാഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ അവാര്‍ഡ് മത്സരത്തില്‍ കതാറയോടൊപ്പം സഹകരിച്ചു. ഖത്വര്‍ ചാരിറ്റി തയാറാക്കിയ പ്രവാചകരുടെ ചരിത്രത്തിന്റെ വിഷ്വല്‍ ടെക്റ്റ് പ്രദര്‍ശിപ്പിച്ചു. രാവിലെ സമയങ്ങളിലെ പരിപാടികള്‍ സ്‌കൂള്‍ കുട്ടികള്‍ക്കായാണ് സജ്ജീകരിച്ചിരുന്നത്. കുട്ടികള്‍ക്കായി വിവിധ പരിപാടികളും ഒരുക്കിയിരുന്നു. വൈകുന്നേരങ്ങളില്‍ മേള സന്ദര്‍ശിക്കുന്നവര്‍ക്കായി ഇസ്‌ലാമിക പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.