ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു; പരാജയമെന്ന് അമേരിക്ക

Posted on: April 29, 2017 10:19 am | Last updated: April 29, 2017 at 11:52 am

സോള്‍: അമേരിക്കയുമായി ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണ കൊറിയയെ ഉദ്ധരിച്ച് യോന്‍ഹോപ്പ് ന്യൂസ് ഏജന്‍സിയാണ് പരീക്ഷണം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം അമേരിക്കയും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. എന്നാല്‍ തെക്കന്‍ പോംഗ്‌യാംഗില്‍ നിന്നുമുള്ള മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ കൊറിയന്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും അവകാശപ്പെട്ടു.ഉത്തര കൊറിയയുമായി കനത്ത ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയെ സൈനികമായി നേരിടാന്‍ തങ്ങള്‍ സന്നദ്ധമായിട്ടുണ്ടെന്നും ഉടന്‍ തന്നെ ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത നിഴലിക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടെ, കൊറിയന്‍ മേഖലയില്‍ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഏത് സമയവും ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കാമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയയുടെ പ്രധാന സഖ്യമായിരുന്ന ചൈന ആണവായുധ പരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയുമായി അടുത്തിരുന്നു. മേഖലയില്‍ യുദ്ധം ഇല്ലാതാക്കാന്‍ തീവ്രമായി ശ്രമിക്കുകയാണ് ചൈന.