മണി രാജിവെക്കേണ്ട സാഹചര്യമില്ല; അച്ചടക്ക നടപടി സ്വാഭാവികം: കോടിയേരി

Posted on: April 28, 2017 12:42 pm | Last updated: April 28, 2017 at 3:49 pm

തിരുവനന്തപുരം: മന്ത്രി എം എം മണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയുടെ രാജി യു ഡി എഫിന്റെ രാഷ്ട്രീയ ആവശ്യമാണ്. മണി രാജിവെക്കേണ്ട സാഹര്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം എം മണിക്കെതിരായ അച്ചടക്ക നടപടി സ്വാഭാവികം മാത്രമാണ്. മണി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ല. എന്നാല്‍ മുഴുവന്‍ പ്രസംഗവും പരിശോധിക്കുമ്പോള്‍ ഒരു നേതാവിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ് എന്നതിലാണ് നടപടിയെടുത്തത്. ഇ എം എസും ഇ കെ നായനാരും ഉള്‍പ്പെയുള്ള മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയുടെ നടപടിക്ക് വിധേയമായിട്ടുണ്ട്. അത് പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും മറ്റുള്ളവര്‍ക്ക് ഒരു പാഠമാകാനുമാണ് നടപടി. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി പി എം- സി പി ഐ തര്‍ക്കമില്ല. എന്നാല്‍ വലിയ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്. അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ തന്നെയാണ് സര്‍ക്കാര്‍ നയം. ഇക്കാര്യത്തില്‍ മുന്നണിയിലും അഭിപ്രായ വ്യത്യാസമില്ലെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.