സ്ത്രീകള്‍ ചാരായം വാറ്റുന്നിടത്ത് അസാന്‍മാര്‍ഗിക പ്രവര്‍ത്തനവും നടക്കും: വക്കം പുരുഷോത്തമന്‍

Posted on: April 28, 2017 12:40 pm | Last updated: April 28, 2017 at 3:49 pm

കോഴിക്കോട്: ചാരായം വാറ്റുന്നതും വില്‍ക്കുന്നതും സ്ത്രീകള്‍ ആണെന്നും ചാരായക്കച്ചവടത്തിന് ഒപ്പം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും നടക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍. താന്‍ വക്കീലായിരുന്ന കാലത്ത് ഇത്തരത്തിലുള്ള നിരവധി സ്ത്രീകള്‍ തനിക്ക് കക്ഷികളായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലാകൗമുദി വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇൗ പരാമര്‍ശം നടത്തിയത്.

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കണോ എന്ന ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വക്കം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വക്കത്തിന്റെ മറുപടി ഇങ്ങനെ: ”ബാറുകള്‍ തുറക്കണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം. തുറന്നില്ലെങ്കില്‍ സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ചാരായം വാറ്റുന്നതും വില്‍ക്കുന്നതും അധികവും സ്ത്രീകളാണ്. ചാരായക്കച്ചവടത്തിന് ഒപ്പം അസാന്‍മാര്‍ഗിക പ്രവര്‍ത്തനവും നടക്കും. ഞാന്‍ വക്കീലായിരുന്ന കാലത്ത് ഇത്തരം നിരവധി സ്ത്രീകള്‍ തനിക്ക് കക്ഷികളായി ഉണ്ടായിരുന്നു.”