Connect with us

Ongoing News

ജര്‍മന്‍ കപ്പ്: ബയേണ്‍ മ്യൂണിക്ക് പുറത്ത്

Published

|

Last Updated

 

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കിരീടത്തിലേക്ക് മുന്നേറുന്ന ബയേണ്‍ മ്യൂണിക്കിന് ജര്‍മന്‍ കപ്പില്‍ കാലിടറി. ബൊറുസിയ ഡോട്മുണ്ടിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബയേണ്‍ സെമി ഫൈനലില്‍ പുറത്തായി. മാര്‍കോ റ്യൂസ് (19), ഓബമെയാംഗ് (69), ഡെംബെലെ (74) എന്നിവരാണ് ബൊറുസിയ ഡോട്മുണ്ടിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയ ഗോളടി നടത്തിയത്. ബയേണിനായി ആദ്യപകുതിയില്‍ ജാവിമാര്‍ട്ടിനെ(18)സും ഹമ്മല്‍(41)സും സ്‌കോര്‍ ചെയ്തു. മറ്റൊരു സെമിഫൈനലില്‍ ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനെ ഷൂട്ടൗട്ടില്‍ കീഴടക്കി എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ട് ഫൈനലിലെത്തി. മെയ് 27ന് ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശപ്പോര്.
ബൊറുസിയ ഡോട്മുണ്ട് തുടരെ നാലാം വര്‍ഷവും ജര്‍മന്‍ കപ്പ് ഫൈനല്‍ യോഗ്യത നേടി റെക്കോര്‍ഡിട്ടു. രണ്ട് തവണ ഫൈനലില്‍ പരാജയപ്പെട്ട ഡോട്മുണ്ട് യുര്‍ഗന്‍ ക്ലോപ് പരിശീലകനായിരുന്നപ്പോള്‍ രണ്ട് തവണ ചാമ്പ്യന്‍മാരായി. യുര്‍ഗന്‍ ക്ലോപ് ഇപ്പോള്‍ ലിവര്‍പൂളിന്റെ പരിശീലകനാണ്.
ബുണ്ടസ് ലീഗയിലെ പോരാളികളുടെ ഏറ്റുമുട്ടലില്‍ ആദ്യപകുതിയില്‍ 2-1ന് ബയേണിനായിരുന്നു മുന്‍തൂക്കം. ഓബമെയാംഗിലൂടെ സമനില പിടിച്ച ഡോട്മുണ്ട് ഉസ്മാന്‍ ഡെംബെലെയുടെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ ബയേണ്‍ മ്യൂണിക് ബുണ്ടസ് ലിഗക്ക് പുറമെ ജര്‍മന്‍ കപ്പും നേടി ആരാധകരെ തൃപ്തിപ്പെടുത്താമെന്നായിരുന്നു കരുതിയത്. എന്നാല്‍, ഡോട്മുണ്ട് ആ പ്രതീക്ഷകള്‍ തകിടം മറിച്ചു.

---- facebook comment plugin here -----

Latest