ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് 52 ഖത്വരി സ്‌കൂളുകളില്‍ സൗകര്യം

Posted on: April 28, 2017 11:29 am | Last updated: April 28, 2017 at 11:29 am

ദോഹ: ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ 52 ഖത്വരി സ്‌കൂളുകള്‍. ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഗള്‍ഫ് റീജ്യന്‍ എജുക്കേഷന്‍ അസിസ്റ്റീവ് ടെക്‌നോളജി കോണ്‍ഫറന്‍സ് (ഗ്രേറ്റ്) ഉദ്ഘാടന പ്രസംഗത്തില്‍ ഗതാഗത, വിനിമയ മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്വി അറിയച്ചതാണിത്.
ഭിന്നശേഷിയുള്ളവരുടെ ജീവിതം സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് ഈ പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നത് ഖത്വര്‍ ദേശീയ ദര്‍ശനം 2030 യാഥാര്‍ഥ്യമാകുന്നതിന് സഹായിക്കും.

ഓട്ടിസം ബാധിച്ചവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധതയാണ് ഈയടുത്ത് ആരംഭിച്ച ദേശീയ ഓട്ടിസം പദ്ധതി തെളിയിക്കുന്നത്. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവരെ സഹായിക്കാന്‍ ഗതാഗത- വിനിമയ മന്ത്രാലയത്തിന് നിരവധി കര്‍മപദ്ധതികളുണ്ട്. അസിസ്റ്റീവ് ടെക്‌നോളജി (എ ടി) ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത സങ്കേതങ്ങളില്‍ നിന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനം വഴിമാറുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍ക്ലൂസിവ് കംപ്യൂട്ടര്‍ ടെക്‌നോളജി (ഐ സി ടി), അസിസ്റ്റീവ് ടെക്‌നോളജി (എ ടി) എന്നിവയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ടുള്ള സമ്മളനം ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് നടക്കുന്നത്. ഭിന്നശേഷിയുള്ളവരെ ഐ സി ടി, എ ടി വഴി സഹായിക്കാനുള്ള മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള വേദിയാണ് സമ്മേളനമെന്ന് മദ സി ഇ ഒ മഹ അല്‍ മന്‍സൂരി പറഞ്ഞു. വിവിധ തലങ്ങളില്‍ ഭിന്നശേഷിയുള്ള 2000 പേര്‍ക്ക് മദയുടെ സഹായമെത്തിയിട്ടുണ്ട്. എ ടിയില്‍ അറബി തിരഞ്ഞെടുക്കാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയാണെന്ന് മന്‍സൂരി ചൂണ്ടിക്കാട്ടി.