കോണ്‍ഗ്രസ് മുക്ത രാജ്യമെന്ന മോദി നയത്തെ സി പി എം സഹായിക്കുന്നു: എന്‍ കെ പ്രേമചന്ദ്രന്‍

Posted on: April 28, 2017 10:53 am | Last updated: April 28, 2017 at 10:53 am
എന്‍ കെ പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: രാജ്യത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്യുന്ന വിധം വര്‍ഗീയ രാഷ്ട്രീയ നയങ്ങള്‍ പുലര്‍ത്തുന്ന ബി ജെ പി നയങ്ങള്‍ ഭീഷണി സൃഷ്ടിക്കുമ്പോഴും കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്നതിലൂടെ ബി ജെ പിക്ക് സഹായകമായ നിലപാടാണ് സി പി എം പുലര്‍ത്തുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആരോപിച്ചു. കെ എം സി സി പേരാമ്പ്ര മണ്ഡലം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

2019ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന് സി പി ഐ ദേശീയ സമിതി തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ സി പി എമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ നയത്തെ പുഷ്ടിപ്പെടുത്തുന്നതാണ്. കേരളത്തില്‍ പ്രതിപക്ഷത്തിനു മേല്‍ വര്‍ഗീയ കൂട്ടുകെട്ട് ആരോപിച്ചും എതിര്‍ക്കുന്നവരെ മുഴുവന്‍ സംഘ്പരിവാര്‍ ആക്കി ചിത്രീകരിച്ചും സി പി എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും ഫലത്തില്‍ ബി ജെ പിക്ക് അനുകൂലമാകുകയാണ്. മലപ്പുറത്ത് യു ഡി എഫ് ജയം വര്‍ഗീയതയുടെ ജയമെന്നാണ് സി പി എം ആരോപിച്ചത്. ബി ജെ പിയുടെ ഹിന്ദുത്വ പ്രചാരണത്തിന് കനത്ത തിരിച്ചടിയേറ്റിട്ടു പോലും സി പി എം നിലപാട് ബി ജെ പിക്ക് പ്രാധാന്യമുണ്ടാക്കുന്നതാണ്. ബീഹാറില്‍ മതേതര മഹാസഖ്യത്തില്‍ ചേരാതെ നിന്നതുവഴി ബി ജെ പിക്ക് പത്തു സീറ്റുകളെങ്കിലും ലഭിച്ചു. ഈ നയം തിരുത്താന്‍ സി പി എം തയാറാകണം.

ഏറെ പ്രതീക്ഷകള്‍ നല്‍കി അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാന്‍ കഴിയാതെ ദുര്‍ബലനായി. സംസ്ഥാന ചരിത്രത്തില്‍ കുറഞ്ഞ കാലം കൊണ്ട് ജനങ്ങളുടെ അപ്രീതി സമ്പാദിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയിലുള്ള അവിശ്വാസമാണ് സുപ്രീം കോടിതിപോലും പ്രകടിപ്പിച്ചത്. ഒരു സ്ത്രീയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ വരദരാജനെ പി ബിയില്‍ നിന്നു പറത്താക്കിയ സി പി എം എന്തു കൊണ്ട് മണിയെ സംരക്ഷിക്കുന്നു. തനിക്കിഷ്ടമില്ലാത്തവരെ അധിക്ഷേപിക്കാന്‍ മണിയുടെ നാക്കിനെ പിണറായി ഉപയോഗിക്കുന്നുവെന്നാണ് ന്യായീകരണത്തിലൂടെ മനസ്സിലാകുന്നത്. തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് സര്‍ക്കാര്‍.
സി പി എം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയിലേക്കില്ലന്ന ആര്‍ എസ് പി നിലപാട് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ആര്‍ എസ് പി ഇടതുപാര്‍ട്ടിയാണ്. സി പി എമ്മാണ് ഇടതുപക്ഷമെന്ന് അഭിപ്രായമില്ല. ലോ അക്കാദമി, ജിഷ്ണു പ്രണോയ് ഉള്‍പ്പെടെ എല്ലാ വിഷയത്തിലും അതി സമ്പന്നര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സി പി എം പുലര്‍ത്തുന്നത്. എല്‍ ഡി എഫില്‍ നില്‍ക്കുന്ന സി പി ഐ നിലപാട് പുനഃപരിശോധിക്കണം. കോണ്‍ഗ്രസും സി പി ഐയും ലീഗുമെല്ലാം ചേരുന്ന ഒരു മതേതര രാഷ്ട്രീയ സഖ്യത്തിന് കേരളത്തില്‍ സാധ്യതകളുണ്ട്.
മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് കയ്യേറ്റം നടത്തുന്നതിന് പിന്തുണ നല്‍കുകയും മതവിഭാഗങ്ങളെ കൂടെ നിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയമാണ് കുരിശ് നീക്കം ചെയ്തതിനെതിരെ രംഗത്തു വന്നതിലൂടെ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. സഭകള്‍ പോലും തള്ളിപ്പറഞ്ഞ കയ്യേറ്റത്തെയാണ് പിണറായി ന്യായീകരിക്കുന്നത്. സി പി എമ്മിന്റെ പിന്തുണയിലാണ് മൂന്നാറില്‍ കരുത്തര്‍ കയ്യേറ്റത്തിന് തയാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെ എം സി സി ഭാരവാഹികളായ അബ്ദുന്നാസര്‍ നാച്ചി, റസാഖ് കുന്നുമ്മല്‍, കുഞ്ഞമ്മദ് പേരാമ്പ്ര, ടി ടി കുഞ്ഞമ്മദ്, എസ് കെ ആഷിഖ് ഇഖ്ബാല്‍, മജീദ് നാദാപുരം, ഷഹീര്‍ മുഹമ്മദ് രയരോത്ത് എന്നിവര്‍ പങ്കെടുത്തു.