കുല്‍ഭൂഷണ്‍ ജാദവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ത്യ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: April 27, 2017 7:00 pm | Last updated: April 28, 2017 at 9:46 am

ന്യൂഡല്‍ഹി: പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബാവാലെയാണ് ജാദവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കുല്‍ഭൂഷണ്‍ ജാദവിന്റെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയുണ്ടെന്നും പാക്കിസ്ഥാന്റെ പ്രതികരണമറിയാന്‍ കാത്തിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘ജാദവിനെ നമ്മള്‍ കണ്ടിട്ടില്ല. ഒരു വര്‍ഷത്തിലധികമായി ജാദവ് പാക് കസ്റ്റഡിയിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയുണ്ട്’ – വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കോടതിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബേവാലയാണ് അപ്പീല്‍ കൈമാറിയത്. ജാദവിന്റെ മാതാവ് അവന്തി സുധീര്‍ ജാദവിന്റെ പേരിലാണ് അപ്പീല്‍ ഹരജി നല്‍കിയത്. ജാദവിനെ കാണണമെന്ന് മാതാവ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിന്നാണ് മഹാരാഷ്ട്രയിലെ സാഗ്ലി സ്വദേശിയായ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്.