മാധ്യമ പ്രവര്‍ത്തകര്‍ ഉടമകളുടെ നയം നടപ്പാക്കുന്ന അടിമകള്‍ മാത്രമാണ്: ചെറിയാന്‍ഫിലിപ്പ്

Posted on: April 27, 2017 12:53 pm | Last updated: April 27, 2017 at 12:53 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ ഉടമകളുടെ നയം നടപ്പാക്കുന്ന അടിമകള്‍ മാത്രമാണെന്ന് ചെറിയാന്‍ഫിലിപ്പ്. രാഷ്ടീയത്തില്‍ ഒരിക്കലും നിഷ്പക്ഷം എന്നൊരു പക്ഷമില്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ മഹാഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും ഒരു പക്ഷത്തായിരിക്കും. ജാതി, മത സംഘടനകളും അവരുടെ താല്പര്യപ്രകാരം പക്ഷം ചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….
സെല്‍ഫ് ഗോള്‍ അടിക്കാനില്ല
രാഷ്ടീയത്തില്‍ ഒരിക്കലും നിഷ്പക്ഷം എന്നൊരു പക്ഷമില്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ മഹാഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും ഒരു പക്ഷത്തായിരിക്കും. ജാതി, മത സംഘടനകളും അവരുടെ താല്പര്യപ്രകാരം പക്ഷം ചേരുന്നു.
മുതലാളിത്ത ,ജാതി, മത, രാഷ്ടീയശക്തികള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഉടമകളുടെ നയം നടപ്പാക്കുന്ന അടിമകള്‍ മാത്രമാണ്.

ഒരാള്‍ ജനനം മുതല്‍ മരണം വരെ ഒരു രാഷ്ടീയകക്ഷിയിലോ മതത്തിലോ വിശ്വാസിക്കണമെന്നില്ല. ബൗദ്ധിക വളര്‍ച്ചയുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ എന്നിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഞാന്‍ ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ 16 വര്‍ഷമായി പാര്‍ട്ടി യുടെയും സര്‍ക്കാരിന്റെയും നയം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന ആളാണ്. ഇതെന്റെ രാഷ്ടീയ ചുമതലയാണ്. ആരെയും പ്രീണിപ്പിക്കാനല്ല.
എനിക്ക് ബോദ്ധ്യമുള്ള രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് . എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതാക്കളെ അറിയിക്കാറുമുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രോശത്തില്‍ അഭിപ്രായം മാറ്റാറില്ല.
ഇടതുപക്ഷത്തിന്റെ ഭാഗമായ ഞാന്‍ ചില തരികിട നേതാക്കളെ പോലെ ചീപ്പ് പോപ്പുലാരിറ്റിക്കു വേണ്ടി കളിക്കളത്തില്‍ സെല്‍ഫ് ഗോള്‍ അടിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. രാഷ്ട്രീയ മര്യാദയോ മാന്യതയോ ഇല്ലാത്തവരാണ് മറ്റേപ്പണി ചെയ്യുന്നത്.
മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. അവര്‍ക്ക് താല്‍ക്കാലിക വിജയം മാത്രമേയുള്ളൂ.