നിര്‍ദ്ദിഷ്ട സില്‍ക്ക് സിറ്റി പദ്ധതി: രണ്ടുലക്ഷം തൊഴിലവസരം

Posted on: April 26, 2017 1:45 pm | Last updated: April 26, 2017 at 1:25 pm

കുവൈത്ത് സിറ്റി: രാജ്യത്തിെന്റ അഞ്ച് ചെറു ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിര്‍ദിഷ്ട സില്‍ക്ക് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് അമീരി ദീവാനികാര്യമന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് വ്യക്തമാക്കി. ചൈനീസ് എംബസിയുടെ സഹകരണത്തോടെ കുവൈത്ത് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘ സില്‍ക്ക് സിറ്റി: സ്വപ്നവും യാഥാര്‍ഥ്യവും’ എന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മാണ പ്രവൃത്തികള്‍ മുഴുവന്‍ അവസാനിച്ച് സിറ്റി പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിവര്‍ഷം 35 മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്തിന്റെ ചിത്രംതന്നെ മാറ്റിക്കുറിക്കുന്ന പദ്ധതിയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ടൂറിസം മേഖലയില്‍ ഇടം നേടാന്‍ സാധിക്കാത്ത കുവൈത്തിന് പുതിയ ഹോേങ്കാങ് എന്ന ഖ്യാതി ഇതിലൂടെ കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഉള്‍പ്പെടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി ഒരുങ്ങുന്ന സുബിയ്യ സില്‍ക്ക് സിറ്റിയെയും കരയെയും ബന്ധിപ്പിക്കുന്ന ജാബിര്‍ പാലം നിര്‍മാണം അവസാന ഘട്ടത്തിലാണ്.

കുവൈത്തിെന്റ വടക്കന്‍ അതിര്‍ത്തിയിലെ സുബിയ്യയില്‍ 73,87,50,000 ദീനാര്‍ ചെലവില്‍ വിഭാവനം ചെയ്തിരിക്കുന്ന സില്‍ക്ക് സിറ്റി മേഖലയിലെ ഏറ്റവും വലിയ ഫ്രീ േട്രഡ് സോണ്‍ ആയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബൂബ് യാണ് ദ്വീപില്‍ ഒരുങ്ങുന്ന വന്‍കിട കണ്ടെയ്‌നര്‍ ടെര്‍മിനലിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന സില്‍ക്ക് സിറ്റി 2030ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. സില്‍ക്ക് സിറ്റി യാഥാര്‍ഥ്യമാവുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് പദ്ധതി പ്രദേശത്തുനിന്ന് നേരിട്ട് കുവൈത്ത് സിറ്റിയിലേക്ക് എത്താന്‍ മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെന്റ നാമധേയത്തില്‍ പുതിയ പാലം വിഭാവനം ചെയ്തത്. ആകെ 12.4 കിലോമീറ്റര്‍ വരുന്ന പാലത്തിെന്റ ഏഴ് കിലോമീറ്റര്‍ ഭാഗം കടലിന് മുകളിലൂടെയാണ്. ജാബിര്‍ പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018ഓടെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ശൈഖ് ജാബിര്‍ പാലം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പാലമായാണ് കണക്കാക്കപ്പെടുന്നത്.