തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ വാഗ്ദാനം: ടിടിവി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

Posted on: April 26, 2017 1:37 am | Last updated: April 26, 2017 at 11:27 am

ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിന് വേണ്ടി ഇലക്ഷന്‍ കമ്മീഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ എഐഡിഎംകെ(അമ്മ) നേതാവ് ടിടിവി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.്

നാല് ദിവസങ്ങളായി ദിനകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. ദിനകരന്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദിനരനോടൊപ്പം സുഹൃത്ത് മല്ലികാര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് ദിനകരന്‍ സമ്മതിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. ചന്ദ്രശേഖറിനെ പൊലീസ് ഏപ്രില്‍ 16ന് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുമ്പോള്‍ ഇലക്ഷന്‍ കമ്മീഷനെ സ്വാധീനിക്കാനായുള്ള 1.3 കോടി രൂപ ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നതായാണ് ആരോപണം. താന്‍ ദിനകരന്റെ ഇടനിലക്കാരനാണെന്ന് ചന്ദ്രശേഖര്‍ പൊലീസിനോട് സമ്മതിച്ചു.
എഐഡിഎംകെയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ശശികലയുടെ മരുമകനായ ദിനകരന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയനീക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എഐഡിഎംകെ അമ്മ വിഭാഗം ശശികലയെയും ദിനകരനെയും നേതൃത്വത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന തീരുമാനമെടുത്തിരുന്നു. ശശികലയുടെ നേതൃത്വത്തിലുള്ള സംഘത്തെ വെട്ടിനിരത്തിയാല്‍ ലയനത്തിന് തയ്യാറെന്ന നിലപാടിലാണ് ഒ പനീര്‍ശെല്‍വം വിഭാഗം.