Eranakulam
ആവശ്യത്തിന് ഡെസിബല്‍ മീറ്ററുകളില്ല; നടപടിയെടുക്കാനാകാതെ മോട്ടോര്‍ വകുപ്പ്

കൊച്ചി: കാതടപ്പിക്കുന്ന ഹോണ്‍ മുഴക്കി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വര്‍ധിക്കുമ്പോഴും ശബ്ദ തീവ്രത അളക്കാനുള്ള ഡെസിബല്‍ മീറ്റര്‍ ആവശ്യത്തിനില്ലാത്തത് മോട്ടോര്‍ വാഹന വകുപ്പിനെ വലക്കുന്നു. ഇതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍ നിയമപാലകര്‍ക്ക് സാധിക്കുന്നുമില്ല. സംശയകരമായ വിധത്തില്‍ പിടിക്കപ്പെട്ടാല്‍ പോളി ടെക്‌നിക് കോളജുകളിലോ മറ്റോ ഹോണ്‍ എത്തിച്ച് പരിശോധിക്കുകയേ നിവൃത്തിയുള്ളൂ. ഡെസിബല്‍ മീറ്റര്‍ ഇല്ലാതെ ശബ്ദ തീവ്രത തിരിച്ചറിയാന്‍ കഴിയുമെങ്കിലും ഇത് ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തിരക്കേറിയ സ്ഥലങ്ങളിലും നഗര പരിധിയിലും 60 ഡെസിബലില്‍ മുകളില്‍ ശബ്ദമുണ്ടാക്കുന്ന ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. 55 ഡെസിബലില്‍ താഴെയുള്ള ഹോണുകളാണ് വാഹന കമ്പനികള്‍ നിര്‍മിക്കുന്നതെങ്കിലും പല വാഹനങ്ങളും 70 മുതല്‍ 110 ഡെസിബല്‍ വരെയുള്ള ഹോണുകള്‍ ഘടിപ്പിച്ചാണ് നിരത്തുകളില്‍ ഇറങ്ങുന്നത്. വാഹനങ്ങള്‍ പരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ സാധാരണ ഹോണുകള്‍ ആയിരിക്കും സ്ഥാപിച്ചിട്ടുണ്ടാവുക. പരിശോധന കഴിഞ്ഞാല്‍ വന്‍ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ ഹോണുകള്‍ ഉള്‍പ്പെടെ ഘടിപ്പിക്കുന്നതാണ് പതിവ് ശൈലി. വാഹനങ്ങളില്‍ എയര്‍ ഹോണുകള്‍ സ്ഥാപിക്കരുതെന്നും ഇലക്‌ട്രോണിക് ഹോണുകള്‍ മാത്രമേ പാടുള്ളൂവെന്നും 2005ല്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സ്‌കൂള്‍, കോളജ്, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി എന്നിവയുടെ പരിസരങ്ങളില്‍ യാതൊരു വിധത്തിലുള്ള ഹോണുകളും മുഴക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും അല്‍പ സമയം ഗതാഗതക്കുരിക്കില്‍ പെട്ടാല്‍ പോലും നിരന്തരം ഹോണുകള്‍ മുഴക്കുന്നത് പതിവാണ്. ബസ്, ലോറി മുതലായ വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് കൂടുതലായി ഹോണ്‍ മുഴക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വലിയ വാഹനങ്ങളിലാണ് എയര്‍ ഹോണുകള്‍ അധികവും ഘടിപ്പിച്ചിട്ടുള്ളത്. അനേകം സ്വരങ്ങള്‍ ഒരുമിച്ചുള്ള ചൈനീസ് നിര്‍മിത ഹോണുകളും വന്‍ ശബ്ദ മലിനീകരണത്തിന് കാരണമാകുന്നു. നഗരങ്ങള്‍ വിട്ട് നാട്ടിന്‍ പുറങ്ങളിലെത്തിയാല്‍ മിക്ക സ്വകാര്യ ബസുകളും ഇത്തരം ഹോണുകളാണ് ഉപയോഗിക്കുന്നത്.
നിലവില്‍ 20നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഭൂരിപക്ഷം വലിയ വാഹനങ്ങളുടെയും ഡ്രൈവര്‍മാരെന്നും ഇവര്‍ നിരത്തുകളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് അകാരണമായി ഹോണുകള്‍ മുഴക്കിക്കൊണ്ടിരിക്കുന്നതെന്നും എറണാകുളം ആര്‍ ടി ഒ. ടി എച്ച് സ്വാദിഖലി പറയുന്നു. ഇത്തരക്കാരെ അമിത ശബ്ദം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.
തുടര്‍ച്ചയായി ഹോണുകള്‍ കേള്‍ക്കുന്നത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുകയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ചാപ്റ്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രക്ത സമ്മര്‍ദം, മാനസിക പിരിമുറുക്കം എന്നിവ കൂടാനും കേള്‍വി ശക്തി കുറയാനും ഏകാഗ്രത നഷ്ടപ്പെടാനും ഇത് വഴിവെക്കും. ഗര്‍ഭസ്ഥ ശിശുവിന് വരെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും പഠനം പറയുന്നു.
ഹോണുകള്‍ അമിതമായി ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ തന്നെയാണ് ഇതിന്റെ ആദ്യ ഇര. റോഡരികില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, റോഡരികില്‍ വീടുള്ളവര്‍, ട്രാഫിക് പോലീസുകാര്‍, സ്ഥിരമായി റോഡില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരെയും അനിയന്ത്രിതമായ ഹോണുകള്‍ ഏറെ ദോഷകരമായി ബാധിക്കും.