Connect with us

International

യു എന്നിലെ ഉപരോധം കടുപ്പിക്കണമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തര കൊറിയക്കെതിരെ യു എന്‍ പ്രഖ്യാപിച്ച ഉപരോധം കടുപ്പിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരന്തരമായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി പ്രകോപനം ഉയര്‍ത്തുന്ന ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധം നടപ്പാക്കാന്‍ യു എന്‍ രക്ഷാകൗണ്‍സില്‍ സന്നദ്ധമാകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. വൈറ്റ്ഹൗസില്‍ വെച്ച് 15 യു എന്‍ രക്ഷാ സമിതി അംബാസഡറുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. യു എന്നില്‍ ഉത്തര കൊറിയക്ക് പിന്തുണ നല്‍കാറുള്ള റഷ്യയുടെയും ചൈനയുടെയും അംബാസഡര്‍മാര്‍ കൂടിക്കാഴ്ചക്ക് എത്തിയിരുന്നു.

ആണവായുധങ്ങള്‍ പരീക്ഷിച്ച് ഉത്തര കൊറിയ നടത്തുന്ന പ്രകോപനം ലോകത്തിനുള്ള ഭീഷണിയാണെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി ഉത്തര കൊറിയ മാറിയിട്ടുണ്ട്. ആ പ്രശ്‌നം അവസാനമായി നമുക്ക് (രക്ഷാ സമിതി) പരിഹരിക്കേണ്ടതുണ്ട്. പതിറ്റാണ്ടുകളായി അവിടുത്തെ ജനം കണ്ണുമൂടപ്പെട്ട അവസ്ഥയിലാണുള്ളത്. ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തുന്നതിനിടെയാണ് ട്രംപ് രക്ഷാ കൗണ്‍സില്‍ അംബാസഡര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ഇതിനകം ചൈനയെ സമ്മര്‍ദത്തിലാക്കാന്‍ അമേരിക്കക്ക് സാധിച്ചിട്ടുണ്ട്.
അതിനിടെ, ഉത്തര കൊറിയക്കെതിരെ സൈനിക നീക്കം നടത്തുന്ന യു എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ടോക്യോയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയക്കെതിരായ സൈനിക, നയതന്ത്ര നീക്കങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

 

Latest