Connect with us

International

യു എസ് അന്തര്‍വാഹിനി കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി

Published

|

Last Updated

അമേരിക്കയുടെ അന്തര്‍വാഹിനി കപ്പലായ യു എസ് എസ് മിഷിഗണ്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തിയപ്പോള്‍

സിയൂള്‍: യുദ്ധ ഭീഷണി നിലനില്‍ക്കെ ദക്ഷിണ കൊറിയന്‍ തീരത്ത് അമേരിക്കയുടെ അന്തര്‍വാഹിനി കപ്പലെത്തി. ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് അമേരിക്കയുടെ പ്രകോപനപരമായ നീക്കം.

ഉത്തര കൊറിയന്‍ സൈനിക വിഭാഗമായ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സൈനിക ശക്തി പ്രകടനം നടക്കുന്നതിനിടെയാണ് യു എസ് അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്തെത്തിയത്. ദക്ഷിണ കൊറിയക്കും ജപ്പാനും ഒപ്പം നിന്ന് ഉത്തര കൊറിയക്കെതിരെ സൈനിക നീക്കത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് പുതിയ നീക്കം.
ഇനിയൊരു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉണ്ടാകുകയാണെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏത് നിലക്കുള്ള പ്രകോപനം ഉണ്ടായാലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഉത്തര കൊറിയയ പ്രതികരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യു എസ് അന്തര്‍വാഹിനി എത്തിയത് കടുത്ത ഭീതിയാണ് മേഖലയിലുണ്ടാക്കിയത്. സംയമനം പാലിക്കണമെന്ന ചൈനയുടെ ആവശ്യം അവഗണിച്ചാണ് അമേരിക്കയുടെ സൈനിക നീക്കം. യു എസ് എസ് മിഷിഗണ്‍ എന്ന അന്തര്‍വാഹിനിയാണ് ദക്ഷിണ കൊറിയയിലെ ബൂസാന്‍ തീരത്തെത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള സാധാരണ സന്ദര്‍ശനം മാത്രമാണിതെന്നാണ് യു എസ് വൃത്തങ്ങള്‍ പറയുന്നത്.

സൈനിക വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ശക്തി പ്രകടനത്തില്‍ പീരങ്കി പരീക്ഷണം സൈന്യം നടത്തിക്കഴിഞ്ഞിട്ടുണ്ട്. വോണ്‍സാന്‍ നഗരത്തിലാണ് ഉത്തര കൊറിയന്‍ സൈന്യം ശക്തി പ്രകടനങ്ങള്‍ നടത്തിയതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇതല്ലാതെ കാര്യമായ പ്രകോപനം ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയന്‍ തലവനായി കിം ജോംഗ് ഉന്‍ അധികാരമേറ്റതിന് ശേഷം ഇത്രയും വലിയ സൈനിക പ്രകടനം ഇതാദ്യമാണെന്നും മുന്നറിയിപ്പിന്റേയും ഭീഷണിയുടെയും ധ്വനി ഈ പരീക്ഷണങ്ങള്‍ക്കുണ്ടെന്നും ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി ആരോപിച്ചു.
അതിനിടെ, അമേരിക്കയുടെ ഉത്തര കൊറിയക്കെതിരായ സൈനിക നീക്കത്തെ കുറിച്ച് ഇന്ന് യു എസ് സെനറ്റ് ചര്‍ച്ച ചെയ്‌തേക്കും. ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ സെനറ്റ് ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.