Connect with us

Gulf

യു എസ് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്വര്‍ എയര്‍വേയ്‌സ് ബിസിനസ് ക്ലാസായ ക്യു സ്യൂട്ട് യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം സന്ദര്‍ശിക്കുന്നു

ദോഹ: ട്രംപിന്റെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ദുബൈയുടെ എമിറേറ്റ്‌സ് യു എസ് സര്‍വീസ് കുറക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരു അമേരിക്കന്‍ നഗരത്തിലേക്ക് കൂടി ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസ് പ്രഖ്യാപിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് വൈകാതെ സര്‍വീസ് തുടങ്ങുമെന്നാണ് ഖത്വര്‍ എയര്‍വേയ്‌സ് ഇന്നലെ പ്രഖ്യാപിച്ചത്. പുതിയ 12 ഗനരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷമാണ് കാലിഫോര്‍ണിയന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് ഖത്വര്‍ എയര്‍വേയ്‌സ് പറന്നു തുടങ്ങുന്നത്. ഇതോടെ ഖത്വര്‍ എയര്‍വേയ്‌സ് പറക്കുന്ന അമേരിക്കന്‍ നഗരങ്ങള്‍ 15 ആകും. ബോയിംഗ് 777-300 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുകയെന്ന് ഇന്നലെ ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ അമേരിക്കന്‍ വിമാനങ്ങളില്‍ ലാപ്‌ടോപ്പ് കൊണ്ടു പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപനം.
ലാപ്‌ടോപ്പ് നിരോധത്തെത്തുടര്‍ന്ന് അമേരിക്കയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് കുറഞ്ഞതായി സി എന്‍ എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അക്ബര്‍ അല്‍ ബാകിര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കാരണത്താല്‍ അമേരിക്കന്‍ നഗരങ്ങളിലേക്ക് സര്‍വീസ് വെട്ടിക്കുറക്കാന്‍ യു എ ഇ വിമാനങ്ങളായ എമിറേറ്റ്‌സും ഇത്തിഹാദും നീക്കം നടത്തി വരികയാണ്. എന്നാല്‍ സാഹചര്യം മാനേജ് ചെയ്യാന്‍ കഴിയുന്നതാണെന്നാണ് അക്ബര്‍ അല്‍ ബാകിര്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. അമേരിക്കിലേക്ക് സര്‍വീസ് കുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാന്‍ഫ്രാന്‍സിസ്‌കോയൊടൊപ്പം കാര്‍ഡിഫ്, മലാഗ, മൈകോനോസ്, ആക്ര, കീവ്, പ്രാഗ്വ, മൊംബാസ, അബിഡ്ജാന്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് ഖത്വര്‍ എയര്‍വേയ്‌സ് ഇന്നലെ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. അതിനിടെ ഇറ്റാലിയിന്‍ വിമാനമായ മെറിഡിയാനയുടെ ഓഹരിയെടുക്കുന്നതു സംബന്ധിച്ചുള്ള കരാറില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പു വെക്കുമെന്ന് അക്ബര്‍ അല്‍ ബാകിര്‍ വെളിപ്പെടുത്തി.

 

Latest