യു എ പി എ: കാടടക്കി വെടിയുതിര്‍ക്കും മുമ്പ്

മുസ്‌ലിം ലീഗ് കൂടി പങ്കാളിയായ യു ഡി എഫ് സര്‍ക്കാര്‍ 136 കേസുകളില്‍ യു എ പി എ ചുമത്തിയപ്പോള്‍ കൗശലപൂര്‍വം മൗനം പാലിച്ചവരാണ്; ഇടതുപക്ഷം ബി ജെ പിയെ പോലെ യു എ പി എ ഉപയോഗിച്ച് മുസ്‌ലിംകളെ വേട്ടയാടുകയാണെന്ന നുണപ്രചാരണം നടത്തുന്നത്. 2011-ല്‍ ടാഡയുടെയും പോട്ടയുടെയും തുടര്‍ച്ചയായി യു എ പി എ കൊണ്ടുവന്ന യു പി എ സര്‍ക്കാറില്‍ ലീഗ് പങ്കാളിയായിരുന്നുവെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ച് ലീഗും അവരുടെ അനുചരസംഘങ്ങളും ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, യു എ പി എ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ കരിനിയമങ്ങളോടുള്ള നയസമീപനം കൂടിയാണ് വ്യക്തമാക്കുന്നത്. മതവര്‍ഗീയധ്രുവീകരണം ലക്ഷ്യം വെച്ച് ഹിന്ദുത്വവാദികളും നവസലഫിസ്റ്റുകളും നടത്തുന്ന വിദേ്വഷപ്രചാരണങ്ങളെ നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടി നിയമമനുസരിച്ച് നേരിടണമെന്നതാണ് സര്‍ക്കാറിന്റെ നയം.
Posted on: April 25, 2017 4:46 pm | Last updated: April 25, 2017 at 4:46 pm

കേരളത്തില്‍ ചുമത്തിയ 162 യു എ പി എ കേസുകളും പുനഃപരിശോധിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതൊഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 162 കേസുകളില്‍ 136 കേസുകളും യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ചാര്‍ജ് ചെയ്തതാണ്. ഇടതു സര്‍ക്കാറിന്റെ കാലത്തെടുത്ത 26 കേസുകളില്‍ 25 എണ്ണവും പിന്‍വലിച്ചിരിക്കുകയാണ്. മൊത്തം 42 യു എ പി എ കേസുകള്‍ ഡി ജി പിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയിരിക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തെടുത്ത ഒരു കേസില്‍ മാത്രമേ കുറ്റപത്രം നല്‍കിയിട്ടുള്ളൂ. അതുള്‍പ്പെടെ 120 കേസുകള്‍ കോടതി അനുമതികൂടി ലഭിച്ചാലേ ഒഴിവാക്കേണ്ടതായ കേസുകള്‍ ഒഴിവാക്കാന്‍ കഴിയൂ.

ഷംസുദ്ദീന്‍ പാലത്തെന്ന സലഫി വിദേ്വഷ പ്രചാരകനെതിരെ യു എ പി എ ചുമത്തിയ നടപടി നിയമസഭ ചര്‍ച്ച ചെയ്തതാണ്. യു എ പി എ ഉപയോഗിക്കുകയെന്നത് ഗവണ്‍മെന്റിന്റെ നയമല്ല എന്ന് അതിന്റെ മറുപടിയായി മുഖ്യമന്ത്രിയ വ്യക്തമാക്കിയതാണ്. അങ്ങനെ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം പുനഃപരിശോധിക്കുമെന്ന് സഭക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ പ്രതേ്യകം ശ്രദ്ധിക്കേണ്ട കാര്യം എന്‍ ഐ എ എടുത്ത യു എ പി എ കേസുകള്‍ കേരള സര്‍ക്കാറുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതില്‍ ഒരര്‍ഥവുമില്ലെന്നതാണ്. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് യു എ പി എ കേസുകള്‍ പരിശോധിക്കാന്‍ ഡി ജി പിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്.

യു എ പി എ സാധാരണ ക്രിമിനല്‍ കേസുകളില്‍ ചുമത്താന്‍ പാടില്ലെന്ന ഉറച്ച നിലപാടാണ് ഇടതു മുന്നണിക്കുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി ജില്ലാ പോലീസ് മേധാവികളില്‍ നിന്ന് കേസ് ഡയറി ഉള്‍പ്പെടെ വരുത്തിച്ച് വിശദമായി പരിശോധനക്ക് വിധേയമാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ബി ജെ പി സര്‍ക്കാറുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാകെ മാതൃകയാകാവുന്ന തരത്തില്‍ യു എ പി എ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായി. ഇത് ഇടതുപക്ഷ സര്‍ക്കാറിന്റെ യു എ പി എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങളോടുള്ള അസന്ദിഗ്ധമായ സമീപനം കൂടിയാണ് വ്യക്തമാക്കുന്നത്.

യു എ പി എ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാറുകള്‍ ഒരുപോലെയാണ് എന്ന പുകമറ സൃഷ്ടിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സമയത്തും അതിനുമുമ്പും മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നിവയും ചില തീവ്രവാദ ഗ്രൂപ്പുകളും സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായി യു എ പി എ ഉപയോഗിച്ച് മുസ്‌ലിംളെയും മാവോയിസ്റ്റുകളെയും വേട്ടയാടുകയാണെന്ന പ്രചാരണം നടത്തി. പിണറായി സര്‍ക്കാര്‍ മുസ്‌ലിംകള്‍ പ്രതികളാകുന്ന കേസുകളില്‍ യു എ പി എ ചുമത്തുന്നുവെന്ന ആരോപണവും സാമൂഹിക മാധ്യമങ്ങളില്‍ ഇക്കൂട്ടര്‍ ഉയര്‍ത്തുകയുണ്ടായി. മതവര്‍ഗീയധ്രുവീകരണം ലക്ഷ്യം വെച്ച് ഹിന്ദുത്വവാദികളും നവസലഫിസ്റ്റുകളും നടത്തുന്ന വിദേ്വഷ പ്രചാരണങ്ങളെ നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടി നിയമമനുസരിച്ച് നേരിടണമെന്നാണ് ഇടതു സര്‍ക്കാറിന്റെ നയം. തങ്ങളുടെ രാഷ്ട്രീയ നയത്തിന് വ്യത്യസ്തമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്. മുസ്‌ലിം ലീഗ് കൂടി പങ്കാളിയായ യു ഡി എഫ് സര്‍ക്കാര്‍ 136 കേസുകളില്‍ യു എ പി എ ചുമത്തിയപ്പോള്‍ കൗശലപൂര്‍വം മൗനം പാലിച്ചവരാണ്; ഇടതുപക്ഷം ബി ജെ പിയെപോലെ യു എ പി എ ഉപയോഗിച്ച് മുസ്‌ലിംകളെ വേട്ടയാടുകയാണെന്ന നുണപ്രചാരണം നടത്തുന്നത്. എം എന്‍ രാവുണ്ണിക്കെതിരെ യു എ പി എ കേസ് രജിസ്റ്റര്‍ ചെയ്തത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണെന്ന വസ്തുത പോലും മറച്ചുപിടിച്ച് മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. നദിക്കെതിരെ ഇരുട്ടി പോലീസ് ചാര്‍ജ് ചെയ്ത കേസും യു ഡി എഫ് ഭരണകാലത്താണെന്ന വസ്തുത സമര്‍ഥമായി മറച്ചുപിടിക്കപ്പെടുകയാണ്. ഈ കേസുകളെല്ലാം പുനഃപരിശോധിക്കുകയും നിരപരാധികള്‍ക്കെതിരായി ചാര്‍ജ് ചെയ്ത യു എ പി എ ഒഴിവാക്കണമെന്നുമുള്ള തുറന്ന സമീപനമാണ് ഇടതു മുന്നണിക്കും സി പി എമ്മിനുമുള്ളത്.

യു എ പി എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങളും അത് ദേശീയതലത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യവും പരിശോധിക്കുമ്പോഴാണ് കോണ്‍ഗ്രസും ലീഗും സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനവും മാധ്യമ കാപട്യവും തിരിച്ചറിയാനാകുക. ബി ജെ പിയുടെ അഭീഷ്ടമനുസരിച്ച് കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്താന്‍ സൗകര്യമൊരുക്കിയത് യു ഡി എഫ് സര്‍ക്കാറായിരുന്നു. നിലവിലുള്ള ശിക്ഷാനിയമങ്ങളെയും ക്രിമിനല്‍ നടപടികളെയും മാറ്റിവെച്ച് കരിനിയമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഭരണകൂട ഭീകരതക്ക് ചുക്കാന്‍ പിടിച്ചത് ആരെ പരിശോധിക്കാം.
ടാഡക്കും പോട്ടക്കും ശേഷം ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നേരിടാനെന്ന വ്യാജേന യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന യു എ പി എ ഇന്ത്യയിലെമ്പാടും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കുള്ള കരിനിയമമായി ഭരണകൂടം ഉപയോഗിക്കുകയാണല്ലോ ഉണ്ടായത്. ടാഡയും പോട്ടയും ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യം വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ത്തിയത്. നിരപരാധികളെ, പ്രത്യേകിച്ചും മുസ്‌ലിം യുവാക്കളെ ടാഡയും പോട്ടയും ഉപയോഗിച്ച് വേട്ടയാടിയത് കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളായിരുന്നു. അവര്‍ക്ക് ബി ജെ പിയുടെ നല്ല പിന്തുണയും ഉണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഭീതിദമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് ടാഡ പുനഃരുജ്ജീവിപ്പിക്കപ്പെട്ടത്. അന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന ഈ നിയമത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് പാര്‍ലിമെന്റില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചത് സി പി എം മാത്രമായിരുന്നുവെന്ന വസ്തുത ഇന്ന് സൗകര്യപൂര്‍വം ലീഗ് നേതാക്കള്‍ മറന്നുകളയുന്നത് മനസ്സിലാക്കാം. സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും മറവി നടിക്കുന്നത് എന്തുകൊണ്ടാവാം?

സ്‌ഫോടനപരമ്പരകളിലും ഭീകരാക്രമണങ്ങളിലും പ്രതികളെന്ന് സംശയിക്കുന്നവരെ യു എ പി എ ഉപയോഗിച്ച് തടവിലിടുന്നത് ഒരു പതിവുപരിപാടിയാക്കി ഇന്ത്യന്‍ ഭരണകൂടം മാറ്റുകയായിരുന്നു. ഒന്‍പതും പത്തും വര്‍ഷങ്ങള്‍ യു എ പി എ ചുമത്തപ്പെട്ട കേസുകളില്‍ തടവറകളില്‍ കഴിഞ്ഞ പലരെയും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ തെളിവില്ലെന്നു കണ്ട് കോടതികള്‍ വെറുതെ വിട്ടയക്കുകയായിരുന്നു. ജാമിയമില്ലിയയിലെ അധ്യാപകര്‍ ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന നിരപരാധികളെ സംബന്ധിച്ചു നടത്തിയ പഠനം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതാണ്. പ്രകാശ് കാരാട്ട് ഇരകളാക്കപ്പെട്ട നിരപരാധികളെയും കൂട്ടി അന്ന് രാഷ്ട്രപതിയെ കണ്ട് യു എ പി എയുടെ ദുരുപയോഗം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്.
പോട്ടയും ടാഡയും പോലെ യു എ പി എയും ദുരുപയോഗം ചെയ്യപ്പെട്ടു. ടാഡയനുസരിച്ച് ഭരണകൂടത്തിന് അനഭിമതരും ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരുമായ ആയിരക്കണക്കിന് ചെറുപ്പക്കാരെയാണ് തടവറയിലിട്ട് പീഡിപ്പിച്ചത്. ഗുജറാത്തിലും യു പിയിലും മഹാരാഷ്ട്രയിലും ഈ നിയമത്തിന്റെ വ്യാപകമായ ദുരുപയോഗം തന്നെ നടന്നു. വര്‍ഗീയ പക്ഷപാതിത്വത്തോടെ ഇന്ത്യന്‍ ഭരണകൂടം ദേശവ്യാപകമായി മുസ്‌ലിം ചെറുപ്പക്കാരെ ടാഡ ഉപയോഗിച്ച് വേട്ടയാടി. ഇടതുപക്ഷ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും ഈ നിയമം ഉപയോഗിച്ച് തുറങ്കിലടച്ചു. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പോലും അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ടാഡ ഉപയോഗിച്ചിരുന്നല്ലോ.

രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിയമയുദ്ധങ്ങളും ടാഡ നിലനിര്‍ത്താനാവാത്ത ബഹുജന സമ്മര്‍ദമായി വളര്‍ന്നപ്പോഴാണ് ടാഡക്കുപകരം മറ്റൊരു നിയത്തെക്കുറിച്ച് ഭരണകൂടം ആലോചിച്ചത്. അങ്ങനെയാണ് പോട്ട നിയമം നിലവില്‍ വന്നത്. ടാഡയെപോലെ തന്നെ പോട്ടയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കാണ് ഉപയോഗിച്ചത്. വര്‍ഗീയ പക്ഷപാതിത്വത്തോടെ ഈ നിയമം ഉപയോഗിച്ചതുമൂലം മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടു. പോട്ടക്കെതിരായും വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പോട്ട പരിഷ്‌കരിച്ച് മറ്റൊരു ഭീകരവിരുദ്ധ നിയമം ഉണ്ടാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനുമെതിരായ പ്രവര്‍ത്തനങ്ങളെ നേരിടാനെന്ന വ്യാജേനയാണ് യു എ പി എ പടച്ചുണ്ടാക്കിയത്.

അന്നത്തെ യു പി എ സര്‍ക്കാര്‍ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ സമ്മര്‍ദത്തില്‍ പാര്‍ലിമെന്റില്‍ ആവശ്യമായ രീതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ നിയമം അംഗീകരിച്ചത്. അന്ന് മുസ്‌ലിം ലീഗ് മൗനവ്രതത്തിലായിരുന്നല്ലോ. യു എ പി എ ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ദീര്‍ഘമായ തടവറ ജീവിതത്തിനും വിചാരണകള്‍ക്കും ശേഷം കോടതികള്‍ നിരപരാധികളെന്നുകണ്ട് വിട്ടയക്കപ്പെടുകയാണ്. ഹുബ്ലി ഗൂഢാലോചനാക്കേസില്‍ പ്രതികളാക്കപ്പെട്ട 18 പേരെയും കോടതി വെറുതെവിട്ടു. കോഴിക്കോട് മുക്കം സ്വദേശി യെഹിയ കമ്മുക്കുട്ടി എന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ നീണ്ട വര്‍ഷങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് തടവറയില്‍ കഴിയേണ്ടിവന്നു. ഈ കേസില്‍ നാല് മലയാളികളുണ്ടായിരുന്നു. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമണക്കേസില്‍ പ്രതിയാക്കപ്പെട്ട മുഫ്തി അബ്ദുല്‍ഗയൂമിനെ നീണ്ട 13 വര്‍ഷത്തെ തടവറ ജീവിതത്തിനു ശേഷം സുപ്രീം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയക്കുകയാണ് ഉണ്ടായത്. രാജ്യമെമ്പാടും വര്‍ഗീയ തിമിരം ബാധിച്ച ഭരണകൂടം എത്രയോ മുസ്‌ലിം ചെറുപ്പക്കാരെ യു എ പി എ ഉപയോഗിച്ച് തടവിലിട്ടത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു.

കേരളത്തില്‍ സാധാരണ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ യു ഡി എഫ് സര്‍ക്കാര്‍ യു എ പി എ ഉപയോഗിക്കുകയുണ്ടായി. ബി ജെ പിയുടെ ഇംഗിതമനുസരിച്ചാണ് കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ ചുമത്തിയത്. നിയമം പറയുന്ന രീതിയില്‍ അഖണ്ഡതക്കോ പരമാധികാരത്തിനോ വെല്ലുവിളി ഉയര്‍ത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നില്ല കേസില്‍ പ്രതികളാക്കപ്പെട്ടത്. കതിരൂര്‍ കേസില്‍ രാഷ്ട്രസുരക്ഷ അപകടപ്പെടുത്തുന്ന വൈദേശിക ശക്തികളുടെ ഇടപെടലുണ്ടെന്ന് അനേ്വഷണ ഏജന്‍സി കണ്ടെത്തിയിരുന്നില്ലല്ലോ. രാഷ്ട്രീയ ലക്ഷ്യത്തോടെ യു എ പി എ ഉപയോഗിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സി പി എമ്മിന്റെ പ്രവര്‍ത്തകരെയും അനുഭാവികളെയും വിചാരണ കൂടാതെ തടവിലിട്ട് പീഡിപ്പിക്കാനാണ് ഉത്‌സാഹം കാണിച്ചത്. ഇപ്പോള്‍ യു എ പി എയുടെ ദുരുപയോഗത്തിനെതിരെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പരസ്യമായി രംഗത്തുവന്നിരിക്കുകയാണല്ലോ. 2011-ല്‍ ടാഡയുടെയും പോട്ടയുടെയും തുടര്‍ച്ചയായി യു എ പി എ കൊണ്ടുവന്ന യു പി എ സര്‍ക്കാറില്‍ മുസ്‌ലിം ലീഗ് പങ്കാളിയായിരുന്നുവെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം മറച്ചുപിടിച്ചാണ് ലീഗും അവരുടെ അനുചരസംഘങ്ങളും യു എ പി എയുടെ പേരില്‍ ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഷംസുദ്ദീന്‍ പാലത്തിന്റെ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ച ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയോ ലീഗോ യു പി എയുടെ ഭാഗമായി നിന്ന് യു എ പി എ നിയമമുണ്ടാക്കിയതിലും പക്ഷപാതപരമായി അത് പ്രയോഗിച്ചതിലും ഒരാത്മവിമര്‍ശനവും ഇതേവരെ നടത്തിയിട്ടില്ലല്ലോ.

യു എ പി എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ഭരണകൂടം എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നതിനുള്ള ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ബിനായക്‌സെന്‍ കേസ്. ഡോ. ബിനായക്‌സെന്‍ പി യു സി എല്ലിന്റെ ഉപാധ്യക്ഷനും ഛത്തീസ്ഗഢിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ നായകനുമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ മാവോയിസ്റ്റാക്കി യു എ പി എ പ്രകാരം തടവിലിട്ടത്. ഇത് അംഗീകൃതമായ പൗരാവകാശതത്വങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയായിരുന്നു. കോര്‍പറേറ്റുകള്‍ ഛത്തീസ്ഗഢിലെയും ഝാര്‍ഖണ്ടിലെയും ധാതുഖനന മേഖലകള്‍ കൈയടക്കുകയും ഈ മേഖലയിലെ ആദിവാസി ജനതയെ നിഷ്‌കരുണം കുടിയിറക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബിനായക്‌സെന്നിനെ പോലുള്ളവരെ ഭരണകൂട വിമര്‍ശകരാക്കിയത്.

രാഷ്ട്രത്തെയും അതിന്റെ വിഭവങ്ങളെയും ആഗോളമൂലധനശക്തികള്‍ക്ക് അടിയറവെക്കുന്ന ഭരണാധികാരികളാണ് യഥാര്‍ഥത്തില്‍ ദേശസുരക്ഷക്കും പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തുന്ന ഭീകരവാദികള്‍. ഭരണകൂട ഭീകരതയാണ് മനുഷ്യാവകാശങ്ങളെയും നാടിന്റെ ജനാധിപത്യപരമായ നിലനില്‍പ്പിനെയും ഇന്ന് തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ഈയൊരു വിധ്വംസക സ്വഭാവത്തെ എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരും പലപ്പോഴും ഭീകരവാദികളായി മുദ്രകുത്തപ്പെടുകയാണ്. ഭീകരവാദമെന്നതുതന്നെ കോര്‍പറേറ്റ് മൂലധനതാത്പര്യങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ജനകീയ പ്രസ്ഥാനങ്ങളെ അസ്ഥിരീകരിക്കാനും തകര്‍ക്കാനുമുള്ള സാമ്രാജ്യത്വത്തിന്റെ ഒരു ഉത്പന്നവും ഉപകരണവുമാണ്.

ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ ചൂണ്ടിക്കാണിച്ചതുപോലെ കരിനിയമങ്ങള്‍ ജനങ്ങള്‍ക്കെതിരായ വിധ്വംസകമായൊരു നീതിനിര്‍വഹണ നടപടിയാണ്. നിയമത്തിന്റെയും നീതിയുടെയും പേരില്‍ ഭരണകൂടം നിയമാതീതമായി പ്രവര്‍ത്തിക്കുകയും അനീതികരമായി പൊതുപ്രവര്‍ത്തകരെയും ജനങ്ങളെയും കടന്നാക്രമിക്കുകയുമാണ് യു എ പി എ പോലുള്ള കരിനിയമങ്ങളിലൂടെ ചെയ്യുന്നത്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരിലും യു എ പി എ ഉപയോഗിക്കുകയാണ് ഭരണകൂടം. നിയമപരമായ നടപടികള്‍ക്കുപകരം പോലീസ് സംവിധാനത്തിന് കുറ്റാനേ്വഷണത്തിന്റെ പേരില്‍ നിയമാതീതമായി പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കുന്നത് നഗ്നമായ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കാണ് വഴിവെക്കുക. പോലീസ് കസ്റ്റഡിയില്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മൂന്നാംമുറകളും കൊടും പീഡനങ്ങളും അടിച്ചേല്‍പ്പിച്ചതിന്റെ ദുരന്തപൂര്‍ണമായ എത്രയോ അനുഭവങ്ങളുണ്ട്. വര്‍ഗീസ് വധവും അടിയന്തരാവസ്ഥയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും പി രാജന്റെ കസ്റ്റഡി മരണവുമെല്ലാം കേരളീയ അനുഭവങ്ങളാണ്.
1948 ഡിസംബര്‍ ഒന്നിന് യു എന്‍ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ജനങ്ങള്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ ജീവിത സ്വാതന്ത്ര്യം, കാരണം കൂടാതെയുള്ള തടവിനും തടവില്‍വെക്കലിനുമെതിരെയുള്ള സ്വാതന്ത്ര്യം, നിഷ്പക്ഷമായ കുറ്റവിചാരണക്കുള്ള സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ കോര്‍പറേറ്റ് മൂലധനവും ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും ചേര്‍ന്ന് നിര്‍ണയിക്കുന്ന ഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങളെ നിരന്തരം ധ്വംസിക്കുകയാണ്.

എന്നാല്‍, ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊലക്കുത്തരവാദികളും 1984-ല്‍ ഭോപ്പാലിലെ വിഷവാതകകൂട്ടക്കൊലക്കുത്തരവാദികളും നിയമത്തിന്റെ പിടിയില്‍ വന്നില്ല. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തവരും 2002-ലെ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം കൊടുത്തവരും സര്‍വതന്ത്രസ്വതന്ത്രരായി രാജ്യാധികാരം കൈയാളുമ്പോഴാണ് നിരപരാധികളായ മനുഷ്യര്‍ യു എ പി എ പോലുള്ള കരിനിയമങ്ങളാല്‍ വേട്ടയാടപ്പെടുന്നത്. കോര്‍പറേറ്റ് അധിനിവേശത്തെ എതിര്‍ക്കുന്ന തദ്ദേശീയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാൡകളാകുന്നവര്‍ക്കെതിരെ യു എ പി എ ഉപയോഗിക്കുകയാണ്. അവകാശങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്നവരെ പോലും യു എ പി എ ഉപയോഗിച്ച് വേട്ടയാടുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീതിനിര്‍വഹണമെന്നത് കോര്‍പറേറ്റുകള്‍ക്കും ചൂഷകവര്‍ഗങ്ങള്‍ക്കും അവരുടെ അഴിമതിക്കാരായ രാഷ്ട്രീയ പ്രതിനിധികള്‍ക്കുമൊപ്പമാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. മനുഷ്യാവകാശത്തിന് മരണം വിധിക്കുന്ന യു എ പി എക്കെതിരെ ജനാധിപത്യശക്തികളുടെ വിശാലമായ പ്രതിരോധം വളര്‍ത്തിയെടുത്തുകൊണ്ടേ ഭരണകൂട ഭീകരതയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാകൂ.