പണ്ഡിതരുടെ ഭാഷ അറിയില്ല; വിശദീകരണവുമായി മണി

Posted on: April 25, 2017 11:16 am | Last updated: April 25, 2017 at 11:16 am

തിരുവനന്തപുരം: ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ടെന്ന് മന്ത്രി എം എം മണി. പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ലെന്നും എഡിറ്റ് ചെയ്ത സംഭാഷണമാണ് മാധ്യമങ്ങളില്‍ വന്നതെന്നും മന്ത്രി മണി നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. കൈയേറ്റക്കാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും ഈ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അത് ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. തന്റെ പ്രസംഗം 17 മിനുട്ട് നീണ്ടുനിന്നു. അത് മുഴുവനായി സംപ്രേഷണം ചെയ്യാന്‍ തയ്യാറാകണം.

പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്കോ, സ്ത്രീയുടെ പേരോ ഉപയോഗിച്ചിട്ടില്ല. സ്ത്രീകളോട് എന്നും ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചയാളാണ് താന്‍. പെമ്പിളൈ ഒരുമൈ മുമ്പ് നടത്തിയ സമരത്തിലും ഇപ്പോള്‍ നടക്കുന്ന സമരത്തിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നോക്കണം. മൂന്നാറില്‍ നടക്കുന്ന സമരത്തില്‍ മൂന്നുനാല് പേര്‍ മാത്രമേയുള്ളൂ. അതിന് പിന്നില്‍ ബി ജെ പിയും മാധ്യമ പ്രവര്‍ത്തകരുമാണെന്നും എം എം മണി പറഞ്ഞു.