Connect with us

Articles

ഉര്‍ദുഗാനില്‍ നിന്ന് മുര്‍സിയിലേക്കുള്ള ദൂരം

Published

|

Last Updated

1924 മാര്‍ച്ച് മൂന്നിനാണ് തുര്‍ക്കി ഖിലാഫത്തിന് സാങ്കേതികമായി അന്ത്യം കുറിച്ചത്. ഒന്നാം ലോകമഹായുദ്ധത്തോട് കൂടി തന്നെ അതിന്റെ പതനം സംഭവിച്ചു കഴിഞ്ഞിരുന്നുവെങ്കിലും ഖലീഫാ പദവി അവിടെയുണ്ടായിരുന്നു. യുക്തിരഹിതവും കൃത്രിമവും ചരിത്രവിരുദ്ധവുമായ പാശ്ചാത്യ മതേതരത്വം തുര്‍ക്കി ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുര്‍ക്കിയുടെ പിതാവ് (അതാതുര്‍ക്ക്) എന്ന് സ്വയം വിശേഷിപ്പിച്ച മുസ്തഫ കമാല്‍ പാഷ തീരുമാനിക്കുകയും ഖലീഫ എന്ന സ്ഥാനപ്പേര് അവസാനിപ്പിച്ച് കൊണ്ട് നാഷനല്‍ അസംബ്ലിയില്‍ നിയമം പാസ്സാക്കുകയും ചെയ്തതോടെയാണ് തുര്‍ക്കി ഖിലാഫത്ത് സമ്പൂര്‍ണമായി അസ്തമിച്ചത്. മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നിന്ന് മതത്തെ പൂര്‍ണമായി നിഷ്‌കാസനം ചെയ്യുകയെന്ന പാതകമാണ് യൂറോപ്പ്‌വത്കരണം തലക്ക് പിടിച്ച കമാല്‍ പാഷ ചെയ്തത്. 1946 ഓടെ രാജ്യം ബഹുകക്ഷി ജനാധിപത്യത്തിന്റെ പരീക്ഷണങ്ങളിലേക്ക് നീങ്ങി. ഒരു ഘട്ടത്തില്‍ അമേരിക്കയുടെ രക്ഷാകര്‍തൃത്വം ആവോളം അനുഭവിച്ചു. കുര്‍ദ് തീവ്രവാദത്തിന്റെയും കലാപത്തിന്റെയും ഇരയായി. 1960, 1971, 1980 തുടങ്ങി നിരവധി സൈനിക അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ചു. നിരവധി രാഷ്ട്രീയ അസ്ഥിരതകള്‍. അതീജീവനങ്ങള്‍. ഒടുവില്‍ തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും സമഗ്രമായ പരിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ സ്വയം നിര്‍ണയത്തിന്റെയും സ്വാധീന ശക്തിയുടെയും കാര്യത്തില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നു തുര്‍ക്കി. ഈ നില കൈവരിക്കുന്നതില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന നേതാവിന്റെ പങ്ക് അനിഷേധ്യമാണ്. മതത്തിന്റെ മൗലികതയെ തിരിച്ചു കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവാണ് അദ്ദേഹം. യൂറോപ്യന്‍ സ്വാധീനം കൊണ്ടു വന്ന ആധുനികത നിലനില്‍ക്കുമ്പോള്‍ തന്നെ മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടി സൃഷ്ടിച്ചത്. ഈ പാര്‍ട്ടി 2002 മുതല്‍ അധികാരത്തില്‍ തുടരുന്നത് തുര്‍ക്കിയുടെ മതപരമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് മാത്രമാണ്. സാമ്പത്തിക സ്ഥിരതയിലേക്ക് രാജ്യത്തെ നയിക്കുന്നതിലും ഉര്‍ദുഗാന്‍ വലിയ പങ്കു വഹിച്ചു. നീതിന്യായ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും അമിതാധികാര പ്രയോഗങ്ങളെ അദ്ദേഹം വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ലോകം പലപ്പോഴും കാതോര്‍ത്തിട്ടുണ്ട്. ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ കടന്ന് കയറ്റങ്ങള്‍ക്കെതിരെ ഏറ്റവും ധീരമായ ശബ്ദം കേട്ടത് ഈ നേതാവില്‍ നിന്നായിരുന്നു.
നിലവിലുള്ള പാര്‍ലിമെന്ററി സംവിധാനം അവസാനിപ്പിക്കാനും പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ആവിഷ്‌കരിക്കാനുമുള്ള ഭരണഘടനാ ഭേദഗതിയിലേക്കാണ് ഏഷ്യക്കും യൂറോപ്പിനുമിടയില്‍ സാംസ്‌കാരിക സമന്വയത്തിന്റെ ബോസ്ഫറസ് പാലം പണിത ഈ രാജ്യം തുനിഞ്ഞിറങ്ങുന്നത്. ഇതു സംബന്ധിച്ച് നടന്ന ഹിതപരിശേധനയില്‍ 51.4 ശതമാനം വോട്ട് നേടി യെസ് പക്ഷം വിജയിച്ചിരിക്കുന്നു. എന്നുവെച്ചാല്‍ ഉര്‍ദുഗാന്‍ എന്ന കരുത്തനായ നേതാവിനെ തുര്‍ക്കി ജനതയില്‍ ഭൂരിപക്ഷവും ഒരിക്കല്‍ കൂടി വിശ്വാസത്തിലെടുത്തിരിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം ഹിതപരിശോധനയിലേക്ക് നീങ്ങിയത്. ആ പ്രമേയം ഉര്‍ദുഗാന് മുമ്പിലെ പ്രധാന കടമ്പയായിരുന്നു. ഉര്‍ദുഗാന്‍ കൂടുതല്‍ അധികാര ലബ്ധനാകുന്നതില്‍ സഖ്യ കക്ഷികള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം വകവെച്ച് നല്‍കുന്ന ഭേദഗതി നിര്‍ദേശത്തിന് 60 ശതമാനം അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ തുടര്‍ നടപടികളിലേക്ക് നീങ്ങാനാകുമായിരുന്നുള്ളൂ. എന്നുവെച്ചാല്‍ 550 അംഗ പാര്‍ലിമെന്റില്‍ 330 വോട്ട് ലഭിക്കണം. ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിയും (എ കെ പി- തുര്‍ക്കി ഭാഷയിലെ ചുരുക്കപ്പേര്) നാഷനലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടി (എം എച്ച് പി)യും കൈകോര്‍ത്താണ് ഈ സംഖ്യ മറികടന്ന് 339ല്‍ വോട്ട് എത്തിച്ചത്. സഖ്യ കക്ഷിയിലെ വിമതസ്വരങ്ങളെ അതിജീവിക്കാന്‍ ഉര്‍ദുഗാന് സാധിച്ചുവെന്ന് ചുരുക്കം.

ഹിതപരിശോധനയില്‍ കൂടി ഉര്‍ദുഗാനിസം വിജയിച്ചതോടെ ഭരണഘടനാ ഭേദഗതി നടക്കും. 2019ല്‍ നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ അധികാരമുള്ള പ്രസിഡന്റ് അധികാരമേല്‍ക്കും. പ്രധാനമന്ത്രി പദം അവസാനിക്കും. മന്ത്രിസഭയെയും വൈസ് പ്രസിഡന്റിനെയും പ്രസിഡന്റ് തീരുമാനിക്കും. ജുഡീഷ്യറി പൂര്‍ണമായി പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരും. ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതികള്‍ക്കുള്ള അധികാരം പൂര്‍ണമായി അവസാനിക്കും. ജഡ്ജിമാരെ അടക്കം സര്‍വ മേഖലയിലെയും ഉന്നത വ്യക്തിത്വങ്ങളെ നിയമിക്കുന്നത് പ്രസിഡന്റ് ആയിരിക്കും. സൈന്യത്തിന് മേലും പ്രസിഡന്റിന് ആധിപത്യമുണ്ടാകും. അമേരിക്കയുടേതിന് തനിപ്പകര്‍പ്പാണെന്ന് പറയാനാകില്ലെങ്കിലും ലോകത്തെ ശക്തരായ ഭരണാധികാരികളുടെ നിരയിലേക്ക് തുര്‍ക്കി പ്രസിഡന്റ് മാറും. വലിയ രാഷ്ട്രീയ ഉരുള്‍പ്പൊട്ടലുകളൊന്നുമുണ്ടായില്ലെങ്കില്‍ 2019ല്‍ സ്വാഭാവികമായും ഉര്‍ദുഗാന്‍ തന്നെയായിരിക്കും പ്രസിഡന്റ്. ഒരു വ്യക്തിക്ക് അഞ്ച് വര്‍ഷത്തെ രണ്ട് ഊഴം പ്രസിഡന്റ് പദവിയിലിരിക്കാമെന്നായിരിക്കും ഭരണഘടനാ ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുക. ഉര്‍ദുഗാന്‍ ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്നത് കണക്കിലെടുക്കില്ല എന്നതിനാല്‍ തന്നെ അദ്ദേഹത്തിന് മത്സരിക്കാനും 2029 വരെ അധികാരത്തില്‍ തുടരാനും അവസരമൊരുങ്ങും.
പ്രാതിനിധ്യ ജനാധിപത്യം അക്കങ്ങളുടെ കളിയാണ്. 48.59 ശതമാനം പേര്‍ “നോ” എന്ന് വിധിയെഴുതിയത് ഒരു പ്രശ്‌നമല്ല. ഭൂരിപക്ഷം പേര്‍ യെസ് പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് ഉര്‍ദുഗാനെങ്കിലും ഈ ജനവിധിയില്‍ സംതൃപ്തനായിരിക്കില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും സഖ്യ കക്ഷിയില്‍ നിന്നും വോട്ട് ചോര്‍ന്നുവെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അക് പാര്‍ട്ടിയുടെ വോട്ട് വിഹിതം കുത്തനെ ഇടിയുകയാണ്. 2015 ജൂണില്‍ തുര്‍ക്കി ഗ്രാന്‍ഡ് ജനറല്‍ അസംബ്ലി (പാര്‍ലിമെന്റ്)യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40.86 ശതമാനം വോട്ടാണ് അക് പാര്‍ട്ടി നേടിയത്. കേവല ഭൂരിപക്ഷത്തിന് 18 സീറ്റിന്റെ കുറവ്. 16.29 ശതമാനം വോട്ട് നേടിയ എം എച്ച് പിയുമായി സഖ്യം ചേര്‍ന്നാണ് സര്‍ക്കാര്‍ നിലനിര്‍ത്തിയത്. അങ്ങനെ നോക്കുമ്പോള്‍ സഖ്യത്തിന് 57.15 ശതമാനം പേരുടെ പിന്തുണയുണ്ട്. ഹിതപരിശോധനയില്‍ ഈ നിലവാരത്തിലെങ്കിലും എത്താന്‍ സാധിക്കണമായിരുന്നു. അതുണ്ടായില്ല. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും കുര്‍ദ് പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് “നോ” പക്ഷത്ത് പരസ്യമായി നിലയുറപ്പിച്ചത്. ഇവക്ക് രണ്ടിനും കൂടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ടാണ് കിട്ടിയത്. നാല് ശതമാനം ചെറുഗ്രൂപ്പുകള്‍ക്കും നല്‍കാം. അങ്ങനെയായാലും നോ പക്ഷം നാല്‍പ്പത് ശതമാനമേ വരാന്‍ പാടുള്ളു. എന്നാല്‍ അവര്‍ നേടിയിരിക്കുന്നത് 48 ശതമാനത്തിലധികമാണ്. ഭരണപക്ഷത്ത് നിന്ന് വ്യാപകമായി വോട്ട് ചോര്‍ന്നുവെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

ഇവിടെ ഒരു കാര്യം കൂടി കണക്കിലെടുക്കണം. പാശ്ചാത്യ വിദഗ്ധരില്‍ ചിലര്‍ വിമര്‍ശിച്ചത് പോലെ, ഔദ്യോഗിക സംവിധാനങ്ങള്‍ അപ്പടി ഉപയോഗിച്ചാണ് “യെസ്” പക്ഷം ക്യാമ്പയിന്‍ നടത്തിയത്. വൈകാരികമായിരുന്നു അവരുടെ പ്രചാരണ രീതി. ദേശസ്‌നേഹവും ദേശവിരുദ്ധതയും തമ്മിലാണ് ഏറ്റുമുട്ടുന്നതെന്ന് അവര്‍ പ്രചരിപ്പിച്ചു. ശക്തമായ രാജ്യം എന്നതായിരുന്നു അടിസ്ഥാനപരമായി യെസ് പക്ഷം ഉയര്‍ത്തിയ മുദ്രാവാക്യം. ഈയിടെ രാജ്യം അതിജീവിച്ച സൈനിക അട്ടിമറി ശ്രമത്തെ മുന്‍ നിര്‍ത്തിയായിരുന്നു ഈ പ്രചാരണം എന്നോര്‍ക്കണം. അട്ടിമറി ശ്രമത്തെ ധീരമായി നേരിട്ട ഉര്‍ഗുദാന്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മായാന്‍ സമയമായിട്ടില്ല.

പ്രസിഡന്റും ജനതയും അക്ഷരാര്‍ഥത്തില്‍ കൈകോര്‍ക്കുന്ന കാഴ്ചയാണ് ഇസ്തംബൂളിലും അങ്കാറയിലുമെല്ലാം അന്ന് കണ്ടത്. രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം പട്ടാള ബാരക്കുകളില്‍ ബന്ദിയാക്കപ്പെടുമായിരുന്ന ചരിത്രസന്ധിയെ സമീപകാല ലോകചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ചെറുത്തു നില്‍പ്പിലൂടെ മറികടക്കുകയാണ് തുര്‍ക്കി ജനത ചെയ്തത്. പാര്‍ലിമെന്റ് മന്ദിരമടക്കം തലസ്ഥാന നഗരയിലെ സുപ്രധാന കേന്ദ്രങ്ങളെല്ലാം പിടിച്ചെടുത്തുവെന്നും രാജ്യത്ത് പുതിയ ഭരണ സംവിധാനം സ്ഥാപിച്ചുവെന്നും സൈനികരില്‍ ചിലര്‍ ഔദ്യോഗിക വാര്‍ത്താ ചാനല്‍ വഴി പ്രഖ്യാപിക്കുമ്പോള്‍ തന്നെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഫേസ്‌ടൈം ആപ്‌ളിക്കേഷനിലൂടെ ജനങ്ങളോട് സംസാരിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ തെരുവിലിറങ്ങുകയെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. വിഫലമാക്കപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നാലെ ഉര്‍ഗുദാന്‍ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. 2016 ജൂലൈയില്‍ നടന്ന അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച് 1,40,000 പേരെയാണ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ വെക്കുകയോ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയോ ചെയ്തത്. യു എസിലുള്ള പണ്ഡിതന്‍ ഫത്ഹുല്ല ഗുലന്‍ ആണ് അട്ടിമറിക്ക് കരുക്കള്‍ നീക്കിയതെന്ന് ഉര്‍ദുഗാന്‍ കരുതുന്നു. അദ്ദേഹവുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന സൈനികരെയും അഭിഭാഷകരെയും ന്യായാധിപന്‍മാരെയും അധ്യാപകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് ഉര്‍ദുഗാന്‍ ഭരണകൂടം ശിക്ഷിച്ചു കൊണ്ടിരിക്കുന്നത്. അന്ന് തെരുവിലിറങ്ങിയ ജനതയുടെ വികാരം ഇന്നും നിലനില്‍ക്കാന്‍ പാകത്തില്‍ വാര്‍ത്തകളില്‍ ഇപ്പോഴും “അട്ടിമറി” നിറഞ്ഞ് നില്‍ക്കുന്നു. അത്‌കൊണ്ട്, അധികാരത്തില്‍ ദീര്‍ഘകാലം ഇരിക്കുന്ന ഒരു നേതാവിന്റെ ജനസമ്മിതിക്ക് സംഭവിക്കുന്ന സ്വാഭാവിക ഇടിവായി ഹിതപരിശോധനയിലെ വോട്ട് ചോര്‍ച്ചയെ കാണാനാകില്ല.

ഉര്‍ദുഗാനെ ജനം ജയിപ്പിക്കുന്നു. എന്നാല്‍ അത് നിസ്സീമമായ വിജയമല്ല. ഹിതപരിശോധനാ ഫലം ഒരു മുന്നറിയിപ്പാണ്. അമിതാധികാര പ്രവണതയിലേക്ക് പ്രസിഡന്റ്പദത്തിലിരിക്കുന്നയാളെ തള്ളിവിടാന്‍ പര്യാപ്തമായ സമഗ്ര ഭേദഗതിയാണ് ഭരണഘടനയില്‍ വരാന്‍ പോകുന്നത്. അത് രാജ്യത്തെ എങ്ങോട്ടാണ് നയിക്കുകയെന്നത് ചോദ്യം തന്നെയാണ്. ജനാധിപത്യത്തിന് സൈന്യം ഏല്‍പ്പിക്കുന്ന ആഘാതം പോലെ തന്നെ ഗുരുതരമായിരിക്കും സമഗ്രാധിപത്യം സിദ്ധിച്ച പ്രസിഡന്റില്‍ നിന്നുമുണ്ടാകുക. പട്ടാള അട്ടിമറിക്ക് ശേഷം ഉര്‍ദുഗാന്‍ കൈകൊണ്ട നടപടികളിലെ തിടുക്കവും വ്യാപ്തിയും മാത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഈ വിമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും യൂറോപ്യന്‍ വിദഗ്ധര്‍ക്കും ഒരേ സ്വരമാണ് എന്നത് കൊണ്ടു മാത്രം ആശങ്കകള്‍ അനാവശ്യമാകുന്നില്ല. ഖിലാഫത്ത് കാലത്തേക്ക് പോകുന്നുവെന്നും തുര്‍ക്കിയില്‍ ജനാധിപത്യം മരിച്ചുവെന്നും മുറവിളി കൂട്ടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയക്കുന്നത് ശക്തമായ തുര്‍ക്കിയെയാണ്. സിറിയന്‍ വിഷയത്തിലടക്കം തങ്ങളുടെ ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് തുര്‍ക്കി വിലങ്ങു തടിയാകുമെന്നതാണ് അവരുടെ ആധി. ജൂത രാഷ്ട്രത്തിന്റ കൂടി ആധിയാണിത്.

എന്നാല്‍ ശക്തമായ രാഷ്ട്രത്തെ കുറിച്ച് സ്വന്തം ജനത ആശങ്കപ്പെടുന്നതിനെ കണക്കിലെടുക്കാന്‍ ഉര്‍ദുഗാന് സാധിക്കണം. തനിക്ക് ശേഷം വരുന്ന ഭരണാധികാരികളെ കൂടി മുന്നില്‍ കണ്ടാകണം മാരകമായ ഭരണഘടനാ ഭേദഗതിക്ക് അന്തിമ രൂപം നല്‍കേണ്ടത്. താന്‍ ഹിതപരിശോധനാ കടമ്പ കടന്നത് തലനാരിഴക്കാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഉര്‍ദുഗാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിന് ഈജിപ്തിലെ മുഹമ്മദ് മുര്‍സിയുടെ ഗതിവരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest