മണ്‍സൂണില്‍ മികച്ച മഴ ലഭിക്കുമെന്ന് പ്രവചനം

Posted on: April 24, 2017 10:59 am | Last updated: April 24, 2017 at 10:34 am

പാലക്കാട്: മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണ പോലെ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 96 ശതമാനം മഴ മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

2016ല്‍ കേരളത്തില്‍ കാലവര്‍ഷത്തിലും തുലാമഴയിലും ഉണ്ടായ കുറവ് സംസ്ഥാനത്ത് വൈദ്യുതി, കുടിവെള്ളം, കൃഷി എന്നീ മേഖലകളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ ശരാശരി ലഭിക്കേണ്ട 2040 മില്ലീമീറ്റര്‍ മഴയില്‍ 1352 മില്ലീമീറ്റര്‍ മഴ മാത്രമാണ് കേരളത്തില്‍ കിട്ടിയത്. അതായത് 66 ശതമാനം മാത്രം. കാലവര്‍ഷത്തില്‍ 34 ശതമാനം കുറവുണ്ടായതിനാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വരള്‍ച്ചക്ക് സമാനമായ സാഹചര്യമാണ്. തുലാമഴയില്‍ 62 ശതമാനം കുറവാണ് കേരളത്തിലുണ്ടായത്.