മന്ത്രി എംഎം മണിക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറാവണം: പികെ ഫിറോസ്

Posted on: April 23, 2017 10:06 pm | Last updated: April 23, 2017 at 10:06 pm
പികെ ഫിറോസ്‌

കോഴിക്കോട്: മന്ത്രി എംഎം മണിക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വിരല്‍ ചൂണ്ടുന്നതും എടാ എന്ന് വിളിക്കുന്നതും മഹാപാതകമായി കണ്ട ഒരു മനുഷ്യന്‍ മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോഴാണ് കൂടെയുള്ള ഒരു മന്ത്രി ഇത്തരത്തിലുള്ള തോന്നിവാസം വിളിച്ചു പറഞ്ഞത്. അയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും പോലീസ് കേസെടുക്കാന്‍ തയ്യാറാവണമെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

വിരല്‍ ചൂണ്ടുന്നതും എടാ എന്ന് വിളിക്കുന്നതും മഹാപാതകമായി കണ്ട ഒരു മനുഷ്യന്‍ മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോഴാണ് കൂടെയുള്ള ഒരു മന്ത്രി ഇമ്മട്ടിലുള്ള തോന്നിവാസം വിളിച്ചു പറഞ്ഞത്. എം.എം മണിയെ മന്ത്രിക്കസേരയില്‍ നിന്ന് പുറത്താക്കണോ എന്നതവിടെ നില്‍ക്കട്ടെ. അയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും IPC section 354A പ്രകാരം പോലീസ് കേസെടുക്കാന്‍ തയ്യാറാവണം. കേസെടുക്കുന്നില്ലെങ്കില്‍ കേസില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമായ മാനസികനില തകരാറിലായ കൂട്ടത്തിലാണ് മണിയെന്ന് സര്‍ക്കാര്‍ തുറന്ന് സമ്മതിക്കണം. അങ്ങിനെയെങ്കില്‍ ആരെയാണ് ഊളമ്പാറയിലേക്കയക്കേണ്ടതെന്ന് കേരളീയ ജനതക്ക് ബോധ്യമാകും.