ഖരഗ്പൂര്‍ ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി

Posted on: April 22, 2017 1:46 pm | Last updated: April 22, 2017 at 3:43 pm

കൊല്‍ക്കത്ത: ഖരഗ്പൂര്‍ ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. നാലാം വര്‍ഷ എയ്‌റോ സ്‌പേസ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ നിഥിനെ (22) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസിലെ നെഹ്‌റു ഹാള്‍ ബി ബ്ലോക്കിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തിറക്കുകയായിരുന്നു. എന്നും പുലര്‍ച്ചെ രണ്ട് മണിക്കാണ് നിഥിന്‍ എഴുന്നേല്‍ക്കാറുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ തുടര്‍ച്ചയായി അലാറമടിച്ചതോടെ സഹപാഠികള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ നിഥിനെ ഫാനില്‍തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണെന്ന് പശ്ചിമ മിഡ്‌നാപൂര്‍ എസ് പി ഭാരതി ഘോഷ് പറഞ്ഞു. ഖരഗ്പൂര്‍ ക്യാമ്പസില്‍ ഈ വര്‍ഷം ജീവനൊടുക്കുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് നിഥിന്‍. ജനുവരിയില്‍ രാജസ്ഥാന്‍ സ്വദേശിയായ ലോകേഷ് മീണ തീവണ്ടിക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 30ന് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള സന ശ്രീ രാജ് എന്ന വിദ്യാര്‍ഥിയേയും ഐ ഐ ടിക്ക് തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീ രാജിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ്.