ആന്ധ്രാപ്രദേശില്‍ ലോറി കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറി 20 മരണം

Posted on: April 21, 2017 5:06 pm | Last updated: April 21, 2017 at 9:01 pm

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആറുപേര്‍ ലോറി ഇടിച്ചും മറ്റുള്ളവര്‍ വൈദ്യുതി ഷോക്കേറ്റുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ യെര്‍പേദു മാര്‍ക്കറ്റിനടുത്തുള്ള പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉച്ചക്ക് 1.45നാണ് ദുരന്തമുണ്ടായത്. മണല്‍ മാഫിയക്ക് എതിരായ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടത്. സിഐക്കും എസ്‌ഐക്കും അപടകത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ശ്രീകലാഹസ്തിയില്‍ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ലോറിയാണ്് അപകടം വരുത്തിയത്. നിയന്ത്രണം വിട്ട ലോറി ആദ്യം ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും തുടര്‍ന്ന് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ഇതിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും കടകളിലും ലോറി ഇടിച്ചിരുന്നു. ഡ്രൈവര്‍ മദ്യപിച്ചതാണ് അപകടകാരണമെന്നാണ് വിവരം.