Connect with us

National

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്ക്: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇതിന്റെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്നലെ ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കമല്‍നാഥിനെ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.

മധ്യപ്രദേശിലെ 29 എംപിമാരില്‍ രണ്ടുപേര്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍. ചിന്ദ്‌വാരയില്‍ നിന്നു കമല്‍നാഥും ഗുണയില്‍ നിന്നു ജ്യോതിരാദിത്യ സിന്ധ്യയും. കോണ്‍ഗ്രസ് നേതൃനിരയില്‍ കമല്‍നാഥ് നേരിട്ട അവഗണന മുതലെടുത്താണ് ബിജെപി പ്രവേശനത്തിന് കളമൊരുക്കിയതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്ന കമല്‍നാഥിനു പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഹൈക്കമാന്‍ഡ് നേരത്തേ നിയോഗിച്ചത്. ഖാര്‍ഗെയ്ക്ക് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) അധ്യക്ഷ സ്ഥാനം നല്‍കിയപ്പോള്‍ ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ലഭിക്കുമെന്ന കമല്‍നാഥിന്റെ പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് ബിജെപി വലവീശിയത്.

കമല്‍നാഥിന്റെ ബിജെപി പ്രവേശനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടി ആസ്ഥാനത്തെ കേന്ദ്ര നേതാക്കള്‍. മധ്യപ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ കോണ്‍ഗ്രസിന്റെ പ്രമുഖനായ കമല്‍നാഥ് ബിജെപിയിലെത്തുന്നതു ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

Latest