ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ്

Posted on: April 21, 2017 10:12 am | Last updated: April 20, 2017 at 11:13 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാകുന്നതു വരെ നിലവിലുള്ള മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് തുടരും. ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം മുന്നൂറ് രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന മുന്നൂറ് രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷ്വറന്‍സ് പ്രീമിയമായി അടയ്ക്കുകയും ചെയ്യും. ആരോഗ്യ ഇന്‍ഷ്വറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും. പദ്ധതി നടപ്പാക്കുന്നതിന് ഐ ആര്‍ ഡി എ അംഗീകാരമുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.

പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും. ചികിത്സാ ചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷ്വറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സക്കും ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.