പിന്‍ഗാമിയെ തിരഞ്ഞെടുപ്പിലൂടെ മാത്രമെ തീരുമാനിക്കൂ: പുടിന്‍

Posted on: April 21, 2017 12:47 am | Last updated: April 20, 2017 at 10:48 pm

മോസ്‌കോ: പ്രസിഡന്റ് പദവി മറ്റൊരാള്‍ക്ക് കൈമാറുമെന്ന അഭ്യൂഹം തള്ളി റഷ്യന്‍ ഭരണത്തലവന്‍ വഌദമീര്‍ പുടിന്‍. തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുപ്പിലൂടെ മാത്രമേ തീരുമാനിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത മാര്‍ച്ചില്‍ നടക്കുന്ന വോട്ടെടുപ്പില്‍ റഷ്യയെ മുന്നോട്ട് നയിക്കുമെന്ന് വ്യക്തമാകും.

റഷ്യന്‍ പാര്‍ലിമെന്റായ ഡ്യൂമയുടെ അധോസഭയിലെ സ്പീക്കര്‍ വ്യാചസ്‌ലാവ് വൊളോഡിന്‍ ഉടന്‍ പ്രസിഡന്റ് പദവിയില്‍ എത്തുമെന്ന അഭ്യൂഹത്തോടാണ് പുടിന്‍ പ്രതികരിച്ചത്. അതേസമയം, പുടിന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നതിന് തെളിവായി ഈ പ്രസ്താവനയെ കാണാനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ നില വെച്ച് അടുത്ത തിരഞ്ഞെടുപ്പിലും പുടിന്‍ മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ തന്റെ നാലാമൂഴവും പൂര്‍ത്തിയാക്കി 2024ലാകും അദ്ദേഹം ഒഴിയുക.
റഷ്യന്‍ ജനത ബാലറ്റിലൂടെ അവരുടെ നേതാവിനെ തീരുമാനിക്കും. അല്ലാതെയുള്ള ഒരു അഭ്യൂഹത്തിനും ഇടമില്ല- പുടിന്‍ വ്യക്തമാക്കി. പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവിയായിരുന്ന വൊളോഡി(53)ന് നല്ല ജനപ്രീതിയുണ്ട്. സ്പീക്കര്‍ എന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്.