പേടിപ്പിക്കേണ്ട; തുടച്ച് നീക്കുമെന്ന് അമേരിക്കയോട് കിം ജോംഗ് ഉന്‍

Posted on: April 21, 2017 12:30 am | Last updated: April 20, 2017 at 10:47 pm

പിയോംഗ്‌യാംഗ്: സൈനിക ആക്രമണ ഭീഷണി മുഴക്കുന്ന അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ കടുത്ത ഭാഷയില്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ ആക്രമണം ഉണ്ടാകുമെന്നും അമേരിക്കയെ തുടച്ച് നീക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഉന്‍ ഭീഷണിപ്പെടുത്തി.
സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമാണ് ഉന്നിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധ ആക്രമണം അമേരിക്കക്ക് നേരെ നടത്തുമെന്നും യു എസിന്റെ സൈനിക നടപടിയെ പേടിക്കുന്നില്ലെന്നും ഉന്നിന്റെ പ്രസ്താവന സൂചന നല്‍കുന്നു. സൈനിക നടപടിയുമായി മുന്നോട്ടുപോകാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് ഉന്നിന്റെ പ്രകോപനപരമായ പ്രസ്താവന. യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തി സൈനിക സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുകയും ഉത്തര കൊറിയക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തതിന് പിന്നാലെയാണ് ഉന്നിന്റെ പ്രസ്താവന. പെന്‍സിന്റെ സന്ദര്‍ശനവും പ്രസ്താവനയും ഉന്നിനെ പ്രകോപിപ്പിച്ചുവെന്നാണ് പുതിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ഉത്തര കൊറിയന്‍ തീരം ലക്ഷ്യമാക്കി അമേരിക്കയില്‍ നിന്ന് പുറപ്പെട്ട നാവികസേന കപ്പലുകള്‍ വഴിതിരിച്ചുവിട്ട വാര്‍ത്തക്ക് പിന്നാലെയും യുദ്ധ തയ്യാറെടുപ്പില്‍ നിന്ന് പെന്റഗണും ഉത്തര കൊറിയയും പിന്മാറിയിട്ടില്ല. യുദ്ധം നേരിടാനുള്ള ഒരുക്കത്തില്‍ തന്നെയാണ് ഇരുരാജ്യവും ഇവരുടെ സഖ്യരാജ്യങ്ങളും.
അമേരിക്കയുടെ ഏഷ്യന്‍ മേഖലയിലെ പ്രധാന സഖ്യമായ ദക്ഷിണ കൊറിയക്കും ജപ്പാനുമുള്ള മുന്നറിയിപ്പെന്നോണം ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈലിന്റെ നിരന്തര രീക്ഷണവും യു എന്‍ വിലക്ക് അവഗണിച്ച് നടത്തിയ ആണവായുധ പദ്ധതിയുമാണ് അമേരിക്കയെ ഉത്തര കൊറിയക്കെതിരായ സൈനിക നടപടിയിലേക്ക് നയിച്ചത്.
ഉത്തര കൊറിയയെ സാമ്പത്തികമായി തകര്‍ത്ത ശേഷം സൈനിക നടപടി ആസൂത്രണം ചെയ്യാനുള്ള ഒരുക്കവും അമേരിക്ക നടത്തുന്നുണ്ട്. ഉത്തര കൊറിയയുടെ സൗഹൃദരാജ്യമായിരുന്ന ചൈനയെ കൂട്ടുപിടിക്കാനുള്ള അമേരിക്കന്‍ ശ്രമവും ഉന്നിനെ പ്രകോപിതനാക്കിയിട്ടുണ്ട്.