ബാബരി മസ്ജിദ് കേസ്: നീതിന്യായത്തില്‍ വിശ്വാസം വര്‍ധിച്ചുവെന്ന് ഐ എന്‍ എല്‍

Posted on: April 20, 2017 11:30 pm | Last updated: April 20, 2017 at 10:42 pm

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി ജെ പി, സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനാ കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ച നടപടി നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസം വര്‍ധിപ്പിച്ചതായി ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുത്തുകൊണ്ട് ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തത് ആയിരക്കണക്കിന് കര്‍സേവകരെ അണിനിരത്തിയാണ്. മതവികാരം ആളിക്കത്തിച്ച് ജനക്കൂട്ടത്തെ നയിച്ചവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ രണ്ടരപതിറ്റാണ്ടായി നടത്തിയ ശ്രമം പരാജയപ്പെട്ടു. അഡ്വാനി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളെ വിചാരണ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് ന്യൂനപക്ഷങ്ങള്‍ക്ക് കോടതികളോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു.

കേസില്‍ വിചാരണ നേരിടുന്ന അന്നത്തെ യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറാണ്. ഉമാഭാരതി കേന്ദ്ര മന്ത്രിയുമാണ്. നീതിന്യായത്തോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സ്ഥാനം ഒഴിഞ്ഞ് ഇവര്‍ വിചാരണ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.