കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കണമെന്നു ആവശ്യം

Posted on: April 19, 2017 3:50 pm | Last updated: April 19, 2017 at 3:50 pm

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് തടയാന്‍ നിയമനിര്‍മാണം വേണമെന്ന് പാര്‍ലമെന്റ് അംഗം ഡോ. വലീദ് അല്‍ തബ്തബാഇ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിവിധ മന്ത്രാലയ പ്രതിനിധികളുമായി പാര്‍ലമെന്ററി സമിതി നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ആരോഗ്യ, വാണിജ്യ, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും പരിസ്ഥിതി വകുപ്പുമാണ് യോഗത്തില്‍ പങ്കെടുത്തത്.

പുകവലിക്കുന്നതിന് പ്രത്യേക ഇടങ്ങള്‍ സജ്ജീകരിക്കുമെന്ന് ധാരണപത്രത്തില്‍ ഒപ്പുവെച്ച രാജ്യമാണ് കുവൈത്ത്. മുനിസിപ്പല്‍ കൗണ്‍സിലിെന്റ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച നിയമം ഉടന്‍ ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തെ മഖ്ഹകളുടെ പ്രത്യേകിച്ച് ശീശകളുടെ പ്രവൃത്തി സമയം ക്രമീകരിക്കണമെന്നും തബ്തബാഇ പറഞ്ഞു. ശീശകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പുകയില ഉല്‍പന്നങ്ങള്‍ക്ക് നൂറുശതമാനവും എനര്‍ജി ഡ്രിങ്കുകള്‍ക്ക് 50 ശതമാനവും നികുതി ചുമത്തണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. നികുതി ഏര്‍പ്പെടുത്തുക വഴി പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രത്യേക ഗണത്തില്‍പെട്ട ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന കരട് ബില്‍ ഉടന്‍ പാര്‍ലമെന്റിെന്റ പരിഗണനക്കയക്കുമെന്നു മന്ത്രാലയം വാക്താവ് വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

പ്രത്യേക ഗണത്തില്‍പെട്ട ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ സൗദി ശൂറാ കൗണ്‍സില്‍ സൗദി ഭരണകൂടത്തോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിെന്റ ചുവടുപിടിച്ചാണ് കുവൈത്തും ഗുഡ്‌സ് ടാക്‌സ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.