കായിക പ്രേമികള്‍ നിരാശയില്‍: അരീക്കോട് സ്റ്റേഡിയം നിര്‍മാണം സ്തംഭിച്ചു

Posted on: April 19, 2017 10:33 am | Last updated: April 19, 2017 at 2:34 pm

അരീക്കോട്: ഫുട്‌ബോളിന്റെ ഈറ്റില്ലമായ അരീക്കോട് കാല്‍ പന്ത് കളിക്കാന്‍ ഇടമില്ല. അരീക്കോട് മുക്കം റോഡിലെ പഞ്ചായത്ത് സ്റ്റേഡിയമാണ് നിര്‍മാണം തുടങ്ങി നാല് വര്‍ഷമായിട്ടും യാഥാര്‍ഥ്യമാകാതിരിക്കുന്നത്. നിരവധി പ്രമുഖ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത് അരീക്കോട്ടുകാര്‍ക്ക് കാല്‍ പന്ത് കളിക്കാന്‍ ഇടമില്ലാതെ പ്രയാസപ്പെപടുകയാണ്.
രണ്ട് ദശകം മുമ്പാണ് ഇവിടെ പഞ്ചായത്ത് സ്റ്റേഡിയം നിലവില്‍ വന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം എന്ന നാട്ടുക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് അരീക്കോടിന്റെ കളിക്കളം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം ബന്ധപെട്ടവര്‍ കൈക്കൊണ്ടത്.

എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തുടങ്ങിവെച്ച നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു. തുടര്‍ന്ന്. 2015ല്‍ പുതിയ ഭരണസമിതി വന്നതിന് ശേഷമാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് അല്‍പമെങ്കിലും ജീവന്‍ വെച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗ്യാലറിയുടെയും താരങ്ങള്‍ക്കുള്ള ഡ്രസിംഗ് റൂമിന്റെയും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.

നിര്‍മാണ പ്രവൃത്തിയുടെ പേരില്‍ കായിക പ്രേമികള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ സ്റ്റേഡിയം കാട്മൂടികിടക്കുകയാണ്. പഞ്ചായത്ത്, എം എല്‍ എ, എം പി, പവര്‍ഗ്രിഡ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നായി കോടികണക്കിന് രൂപ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ കാലതാമസം കായിക പ്രേമികളെ നിരാശയിലാക്കി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ ഇവിടെ കൈയേറ്റവും വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ ക്വാറി മാലിന്യങ്ങള്‍ ഗ്രൗണ്ടില്‍ തള്ളി അന്യായമയി റോഡ് പണിയുകയാണെന്ന ആരോപണം ഉയര്‍നിട്ടും നടപടി സ്വീകരിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറല്ല.
നേരത്തെ ഇവിടെ വിവിധ ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം നടന്നിരുന്നു. സ്റ്റേഡിയത്തിന്റെ പ്രവൃത്തി തുടങ്ങിയതോടെ അതും നിലച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കുമെന്ന് പറഞ്ഞ് വോട്ട് നേടിയ സ്ഥലം എം എല്‍ എയും പുരോഗതിക്കായി ശ്രമിക്കുന്നില്ല. സ്റ്റേഡിയത്തിന്റെ സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മാണത്തിനായി തുക അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ പറഞ്ഞു. എന്നാല്‍ മഴ എത്തും മുമ്പേ നിര്‍മാണ പ്രവത്തനം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഈ വര്‍ഷവും അരീക്കോട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്‌നം അസ്തമിക്കും.