മലയാളികളെ ലക്ഷ്യംവെച്ച് കര്‍ണാടകയില്‍ തൊഴില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാവുന്നു

Posted on: April 19, 2017 9:59 am | Last updated: April 18, 2017 at 11:45 pm

ബെംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന മലയാളികളായ ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടകയില്‍ തൊഴില്‍ തട്ടിപ്പ് സംഘങ്ങളും വ്യാജ തൊഴില്‍ റിക്രൂട്ടിംഗ് ഏജന്‍സികളും വ്യാപകമാവുന്നു. ദുബൈ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ ആകര്‍ഷകമായ ശമ്പളത്തോടുകൂടിയ തൊഴില്‍ വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇവരുടെ വലയില്‍ കുടുങ്ങിയ നിരവധി മലയാളികള്‍ ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ബെംഗളൂരുവിലെ മൈസൂരു റോഡില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനെതിരെയാണ് ഏറ്റവും ഒടുവില്‍ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിട്ടുള്ളത്. യൂറോപ്യന്‍ രാജ്യമായ ആസ്ത്രിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തുവെന്നാണ് പരാതി. ഫീസായി വാങ്ങിയ തുകയും പാസ്‌പോര്‍ട്ടും തിരിച്ചുകിട്ടുന്നതിനായി മലയാളികളടക്കമുള്ളവര്‍ ഇപ്പോള്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്. കേരളത്തില്‍ കൊല്ലം, തൊടുപുഴ, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കഴിയാതെ പലരും ഇവരുടെ വലയില്‍ അകപ്പെടുകയായിരുന്നു. കാസര്‍കോട് ബേക്കൂര്‍ സ്വദേശിയായ മഹേഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാരായ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പണം തിരിച്ചു ലഭിക്കുന്ന കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ല.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 650 പേരില്‍ നിന്നായി രണ്ട് കോടി രൂപയോളം സ്വരൂപിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പ്രതികള്‍ വാങ്ങിച്ചുവെച്ച പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ബെംഗളൂരുവില്‍ കണ്‍സള്‍ട്ടന്‍സിയുടെ നാല് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ നടത്തിപ്പുകാരില്‍ പ്രധാനി വിദേശത്താണ്. അപേക്ഷ നല്‍കിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കത്ത് ലഭിച്ചിരുന്നു. ഇതില്‍ പറഞ്ഞ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പ് മനസിലാക്കുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള കത്തുകള്‍ വിദേശ കമ്പനികളുടെ പേരില്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു. ഡ്രൈവര്‍, പ്ലമ്പര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലികളിലേക്കാണ് പത്രങ്ങള്‍ വഴിയും വെബ്‌സൈറ്റ് വഴിയും അപേക്ഷ ക്ഷണിച്ചത്. പലര്‍ക്കും തട്ടിപ്പ് മനസിലായില്ലെന്നും ജോലി ലഭിച്ച കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഫീസ് അടക്കാനെത്തിയവര്‍ക്ക് മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ഏപ്രില്‍ 12ന് ഓസ്ട്രിയയില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന കത്താണ് ലഭിച്ചത്. എന്നാല്‍ കമ്പനിയുമായി ഇ- മെയിലില്‍ ബന്ധപ്പെട്ടപ്പോള്‍ കത്ത് വ്യാജമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ബെംഗളൂരു പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു ഉദ്യോഗാര്‍ഥി പറഞ്ഞു. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
നഴ്‌സിംഗ് ഉള്‍പ്പെടെ വിദേശജോലിക്ക് ശ്രമിക്കുന്ന മലയാളികളെ കേന്ദ്രീകരിച്ച് വ്യാജ തൊഴില്‍ റിക്രൂട്ടിംഗ് ഏജന്‍സികളും വല വിരിച്ചിട്ടുണ്ട്. വ്യാജ റിക്രൂട്ടുമെന്റുകളില്‍പ്പെട്ട് വഞ്ചിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഇവരുടെ തട്ടിപ്പ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബെഗളൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി വന്‍ തുകയ്ക്ക് കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന പരാതി ലഭിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക നേരിട്ട് രംഗത്തെത്തിയത്. കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് 50 നഴ്‌സുമാരുടെ ഒഴിവുണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഇ മൈഗ്രേറ്റ് സംവിധാനം വഴി നോര്‍ക്കയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ വലയില്‍പ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുത്തരുതെന്നാണ് നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന മുന്നറിയിപ്പ്. നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് 20,000 രൂപ മാത്രമാണ് ചെലവ് വരുന്ന തുക. നോര്‍ക്ക റൂട്ട്‌സിന്റെ പേരില്‍ എടുക്കുന്ന ഡി ഡി വഴിയാണ് ഇടപാട് പൂര്‍ത്തിയാക്കേണ്ടത്. തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ നോര്‍ക്കക്ക് ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കുന്നതോടൊപ്പം വഞ്ചിക്കപ്പെടാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാക്കിയെങ്കിലും വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ കര്‍ണാടകയില്‍ നിര്‍ബാധം തുടരുകയാണ്. ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ടിംഗ് നടത്തുന്ന സംഭവങ്ങള്‍ പതിവായതിന്റ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി റിക്രൂട്ടിംഗ് പരിമിതപ്പെടുത്തിയത്. എന്നാല്‍ കര്‍ശനമായ നിയമം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലും വ്യാജന്‍മാര്‍ രംഗം കൈയടക്കുകയാണ്.