യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ ഓരോ അഞ്ച് വര്‍ഷത്തില്‍

Posted on: April 17, 2017 4:59 pm | Last updated: April 17, 2017 at 4:12 pm

ദുബൈ: ജൂലൈ ഒന്ന് മുതല്‍ യു എ ഇ യിലെ വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഓരോ അഞ്ചു വര്‍ഷത്തില്‍ പുതുക്കേണ്ടിവരും. കന്നി ലൈസന്‍സ് രണ്ടുവര്‍ഷം കാലാവധിയുള്ളതായിരിക്കും.

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുറത്തുവിട്ട ഫെഡറല്‍ ഗതാഗത നിയമത്തിലാണ് നിര്‍ദേശമുള്ളത്. സ്വദേശികള്‍ക്ക് 10 വര്‍ഷത്തെ ഇടവേളയുണ്ട്. നിയമത്തിന്റെ ഗസറ്റ് വിജ്ഞാപനമായി. ചില പ്രത്യേക വിഭാഗങ്ങളില്‍ ഒരു വര്‍ഷം വരെയുള്ള ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. ഗുരുതര പ്രമേഹ രോഗമുള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. ഫെഡറല്‍ ഗതാഗത നിയമത്തെ ആരോഗ്യവകുപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ സൈഫ് അല്‍ സഫീന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് അലോസരമാകുന്ന വിധത്തില്‍ താമസകേന്ദ്രങ്ങളിലും ആശുപത്രി, വിദ്യാലയ പരിസരങ്ങളിലും വാഹനമോടിക്കാന്‍ പാടില്ല.

ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം മാത്രമേ പാടുള്ളൂ. ഇലക്ട്രിക് സ്‌കൂട്ടര്‍, ക്വാഡ് ബൈക്കുകള്‍ ഓടിക്കാന്‍ മോട്ടോര്‍സൈക്കിള്‍ ലൈസന്‍സ് വേണം. പൊതുഗതാഗത ബസുകള്‍, വിദ്യാലയ ബസുകള്‍ നടപ്പാതക്ക് സമാന്തരമായി മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനത്തിനകത്ത് പ്രത്യേക ഇരിപ്പിടം വേണമെന്നും നിയമം അനുശാസിക്കുന്നു.