ജയം; യുവെന്റസ് കിരീടത്തിനരികെ

Posted on: April 17, 2017 3:48 pm | Last updated: April 17, 2017 at 3:39 pm

റോം: ഇറ്റാലിയന്‍ സിരി എയില്‍ യുവെന്റസ് കിരീടത്തോടടുത്തു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പെരസ്‌കാരയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റോമയുമായുള്ള പോയിന്റ് വ്യത്യാസം എട്ടായി വര്‍ധിപ്പിച്ചാണ് യുവെന്റസ് തുടര്‍ച്ചയായ ആറാം കിരീട നേട്ടത്തിന്റെ അരികിലെത്തിയത്.

32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുവെന്റസിന് 80 ഉം റോമക്ക് 72 പോയിന്റുമാണുള്ളത്. 70 പോയിന്റുമായി നാപ്പോളി മൂന്നാമതും 61 പോയിന്റുള്ള ലാസിയോ നാലാമതുമാണ്. അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്‌നാണ് യുവെക്കായി രണ്ട് ഗോളുകളും നേടിയത്. 22, 43 മിനുട്ടുകളിലാണ് ഗോളുകള്‍ പിറന്നത്. സീസണില്‍ താരം 23 ഗോളുകള്‍ തികച്ചു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാം പാദത്തില്‍ വ്യാഴാഴ്ച ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന യുവെന്റസിന് ജയം വലിയ ആത്മവിശ്വാസമേകും. ആദ്യ പാദത്തില്‍ യുവെന്റസ് 3-0ത്തിന്റെ വിജയം നേടിയിരുന്നു.