യുഎഇയുടെ ചൊവ്വാ ദൗത്യത്തിന് കുതിപ്പേകി ദേശീയ ബഹിരാകാശ പരിപാടിക്ക് തുടക്കം

Posted on: April 13, 2017 3:02 pm | Last updated: April 13, 2017 at 3:02 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെത്തിയപ്പോള്‍

ദുബൈ: യു എ ഇയുടെ ദേശീയ ബഹിരാകാശ പരിപാടിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും തുടക്കം കുറിച്ചു.
ബഹിരാകാശ മേഖലയില്‍ സ്വദേശീ യുവ സംഘത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യമാണ് പരിപാടിക്ക്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്ര (എം ബി ആര്‍ എസ് സി)ത്തില്‍ വെച്ചാണ് പരിപാടിയുടെ പ്രഖ്യാപനം ഭരണാധികാരികള്‍ നടത്തിയത്.

2021ല്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ യു എ ഇയുടെ പര്യവേക്ഷക പേടകമിറക്കുന്നതും 2117ല്‍ ചൊവ്വയില്‍ ആദ്യ കെട്ടിടം നിര്‍മിക്കുന്നതടക്കമുള്ള ബഹിരാകാശ പദ്ധതികളാണ് പരിപാടിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ദേശീയ ബഹിരാകാശ പരിപാടിക്ക് തുടക്കം കുറിക്കാനായതില്‍ തങ്ങള്‍ അത്യധികം സന്തുഷ്ടരാണെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്തു. ഓരോ ദിവസവും സര്‍വ മേഖലയിലും വലിയ നേട്ടമാണ് യു എ ഇ കൈവരിക്കുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും മികവുറ്റ നേതൃത്വത്തിന് അങ്ങേയറ്റം കടപ്പാടുണ്ടെന്നും ജനറല്‍ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
2020ല്‍ വിക്ഷേപിക്കുന്ന പേടകം മണിക്കൂറില്‍ 1,26,000 കിലോമീറ്റര്‍ വേഗതയില്‍ ആറു കോടി കിലോമീറ്റര്‍ സഞ്ചരിച്ച് ഏഴു മാസം മെടുത്ത് യു എ ഇയുടെ 50-ാമത് ദേശീയദിനമായ 2021ല്‍ ചൊവ്വയിലെത്തും.

ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ബഹിരാകാശ പദ്ധതികള്‍ നടക്കുന്നത്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ബഹിരാകാശ പദ്ധതികളുടെ സംഘാടക ചുമതലയും ശൈഖ് ഹംദാനാണ്.
യു എ ഇയുടെ ചൊവ്വാ ദൗത്യം പൂര്‍ത്തിയാകുന്നതോടെ ദൗത്യം കൈവരിച്ച ആദ്യ അറബ് രാജ്യവും ആദ്യ മുസ്‌ലിം രാജ്യവും യു എ ഇയാകും.

ചടങ്ങില്‍ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, കാബിനറ്റ് അഫഴേയ്‌സ്-ഫ്യൂച്ചര്‍ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, പ്രതിരോധ സഹമന്ത്രി മുഹമ്മദ് അഹ്മദ് അല്‍ ബൊവാര്‍ദി എന്നിവരും സംബന്ധിച്ചു.