വിചാരണ പൂര്‍ത്തിയായി: ലാവ്‌ലിന്‍ കേസില്‍ വിധി വേനലവധിക്ക് ശേഷം

Posted on: April 13, 2017 11:22 am | Last updated: April 13, 2017 at 11:22 am

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതിയില്‍ പൂര്‍ത്തിയായി. കേസില്‍ വേനലവധിക്ക് ശേഷം (മെയ് 22ന് ശേഷം) വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരെ സി ബി ഐ നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് വിചാരണ പൂര്‍ത്തിയായത്. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് സി ബി ഐ പുനഃപരിശോധനാ ഹരജി നല്‍കിയിരുന്നത്. പിണറായിക്കൊപ്പം ആറ് പേരെയാണ് കേസില്‍ വിചാരണ കോടതി കുറ്റ വിമുക്തമാക്കിയത്.

ഇക്കാര്യം ഹൈക്കോടതിയില്‍ ഇന്നും ആവര്‍ത്തിച്ച സി ബി ഐ ഇത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും വാദിച്ചു. കേസില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1997ല്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് ഉണ്ടെന്നാണ് സി ബി ഐ യുടെ പ്രധാന വാദം. കരാറിലൂടെ സംസ്ഥാന ഖജനാവിന് 374.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സി ബി ഐ ലാവ്‌ലിന്‍ കേസ് അന്വേഷിച്ചത്.
2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി ബി ഐ കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി ബി ഐ നല്‍കിയ റിവിഷന്‍ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.