Connect with us

Sports

ഇത്തവണ കടിയില്ല, സൗഹൃദം മാത്രം

Published

|

Last Updated

ടുറിന്‍: യുവെന്റസും ബാഴ്‌സയും മുഖാമുഖം വരുന്നു എന്നറിഞ്ഞതോടെ ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിച്ചത് മെസി-ഡിബാല പോരാട്ടമല്ലായിരുന്നു. 2014 ലോകകപ്പില്‍ ഇറ്റലി-ഉറുഗ്വെ മത്സരത്തില്‍ കൊമ്പുകോര്‍ത്ത രണ്ട് പേര്‍ വീണ്ടും കാണാന്‍ പോകുന്നു.
സുവാരസും ജോര്‍ജിയോ ചെല്ലെനിയും. മൂന്ന് വര്‍ഷം മുമ്പ് സുവാരസ് ചെല്ലെനിയെ കടിച്ചത് വലിയ വാര്‍ത്തയായിരുന്നു. സുവാരസിനെ പിന്നീട് ഒമ്പത് മത്സരങ്ങളില്‍ ഫിഫ വിലക്കി. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്നത്തെ കടിവിവാദം ഇന്നും ഫുട്‌ബോള്‍ പ്രേമികളുടെ മനസിലുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ മുഖാമുഖം വരുന്ന ആവേശപ്പോര് കാണാന്‍ എല്ലാവരും കാത്തിരുന്നു. യുവെന്റസിന്റെ പ്രതിരോധത്തില്‍ ചെല്ലെനിയും ബാഴ്‌സയുടെ ആക്രമണത്തില്‍ സുവാരസുമാകുമ്പോള്‍ പൊടിപാറുമല്ലോ.
ടുറിനില്‍ മെസി നല്‍കിയ പാസുകള്‍ പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട സുവാരസിനെ കാര്യമായി പ്രതിരോധിക്കേണ്ടി വന്നില്ല ചെല്ലെനിക്ക്. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും തമ്മിലുള്ള വാശിക്ക് അയവ് വന്നിരുന്നു. പരസ്പരം കെട്ടിപ്പുണര്‍ന്നു കൊണ്ടാണ് ഇവര്‍ കളം വിട്ടത്. മത്സരത്തിനിടയിലും ഇവര്‍ തമാശ പങ്കിട്ടു.

എന്നാല്‍, ചെല്ലെനിക്കെതിരെ കളിക്കുമ്പോള്‍ സുവാരസിന്റെ ടീം തോല്‍ക്കുന്ന പതിവിന് ഇവിടെയും മാറ്റമുണ്ടായില്ല. ചെല്ലെനിയുടെ ഹെഡര്‍ ഗോളിലാണ് യുവെന്റസ് പട്ടിക തികച്ചത്. സുവാരസാകട്ടെ, ഗോളടിക്കാതെ നിരാശപ്പെടുത്തുകയും ചെയ്തു.

 

Latest