മമതയുടെ തലക്ക് 11 ലക്ഷം വിലയിട്ട് യുവമോര്‍ച്ച നേതാവ്

Posted on: April 13, 2017 11:21 am | Last updated: April 13, 2017 at 10:21 am

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് വിലയിട്ട് ബംഗാളിലെ യുവമോര്‍ച്ച നേതാവ്. മമതയുടെ തലവെട്ടിക്കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷണേയുടെ വാഗ്ദാനം.

ബിര്‍ബൂമില്‍ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി നടന്ന റാലിയില്‍ ജനങ്ങളെ പോലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ച് യുവമോര്‍ച്ച രംഗത്തു വന്നിരുന്നു. ഹിന്ദുക്കളെ ഉന്നംവെക്കുന്ന മമതാ ബാനര്‍ജി പിശാചാണെന്നും ആരെങ്കിലും മമതയുടെ തല വെട്ടിയെടുത്തുകൊണ്ടുവന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും യോഗേഷ് പറഞ്ഞു. അതേസമയം ബി ജെ പി യുവ നേതാവിന്റെ പ്രസ്താവനക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ന്നു. വിഷയത്തില്‍ വിവിധ പ്രതിപക്ഷകക്ഷികള്‍ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാം. പക്ഷേ, സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് സമാജ് വാദി പാര്‍ട്ടി എം പി ജയാ ബച്ചന്‍ ചോദിച്ചു.

സ്ത്രീകള്‍ക്കെതിരെ ഇതുപോലെ സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങനെയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ പോകുന്നത്. സ്ത്രീകള്‍ അരക്ഷിതരാണ്. ഇതാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജയ ബച്ചന്‍ ചോദിച്ചു. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്‌സ് അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചു. മതത്തിന്റെ പേരിലുള്ള ഭീകരവാഴ്ച അഴിച്ചുവിടുകയാണ് ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കൊലവിളിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുകേന്തു ശേഖര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രം ശക്തമായ സന്ദേശം നല്‍കണമെന്ന് മലിഗാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു.