പിരിച്ചു വിടുകയല്ല സ്വയം പിരിഞ്ഞ് പോകുകയാണ്: മന്ത്രി കടകംപള്ളി

Posted on: April 12, 2017 10:45 am | Last updated: April 12, 2017 at 10:11 am

തിരുവനന്തപുരം: ജില്ലാ സഹകരണ ബേങ്ക് ഭരണസമിതികള്‍ പിരിച്ചുവിടുകയല്ല മറിച്ച് പുതിയ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഭരണസമിതികള്‍ സ്വമേധയാ പിരിഞ്ഞ് പോകുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലുള്ള ആര്‍ സി എസ് അധ്യക്ഷ ലളിതാംബിക ഐ എ എസ് കണ്‍വീനറായ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

കാര്‍ഷിക വായ്പാസംഘങ്ങളുടെ അപ്പെക്‌സ് സംഘമായി ജില്ലാബേങ്കിനെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നുവെച്ച് മറ്റുള്ളവര്‍ക്ക് വായ്പ എടുക്കുന്നതിനോ മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിനോ തടസമുണ്ടാകില്ല. പക്ഷേ, വോട്ട് അവകാശം ഉണ്ടാകില്ല. അവര്‍ക്ക് അവരുടേതായ അപ്പെക്‌സ് സംഘങ്ങളുണ്ട്. അവിടെ വോട്ട് ചെയ്ത് അതിന്റെ ഭരണസമിതിയിലേക്കൊക്കെ അവര്‍ക്ക് വരാം.

യതാര്‍ഥ അവകാശികള്‍ക്ക് ത്രിതലസഹകരണ വായ്പ ലഭ്യമാക്കേണ്ടതുണ്ട്. കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റിംഗ് സംഘങ്ങള്‍ക്കു വേണ്ടി മാര്‍ക്കറ്റ് ഫെഡ് എന്നതുപോലെ മറ്റ് സംഘങ്ങള്‍ക്കെല്ലാം അപ്പെക്‌സ് സംഘങ്ങളുണ്ട്. എന്നാല്‍, കാര്‍ഷക വായ്പാസഹകരണ സംഘങ്ങള്‍ക്ക് തങ്ങളുടെ അപ്പെക്‌സ് ബോഡിയായ ജില്ലാസഹകരണ ബേങ്കില്‍ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ല.
ഇതുകൂടാതെയുള്ള പലവക സംഘങ്ങളുണ്ട്. ഇതിനെല്ലാം കൂടി ഒരു അപ്പെക്‌സ് സംഘം ഉണ്ടാക്കണമെന്ന വ്യവസ്ഥയും നിയമഭേദഗതിയിലുണ്ട്.
കാര്‍ഷിക വായ്പാ സംഘങ്ങളെ സഹായിക്കുക എന്നതാണ്് ത്രിതല സംവിധാനത്തിലെ സംഘങ്ങളുടെ പ്രധാന ഉത്തരവാദിത്തം. സഹകരണനിയമത്തില്‍ വരുത്തിയ മാറ്റവുമായി യോജിച്ചു പോകുന്നതു തന്നെയാണ് ഭേദഗതി. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക, കൃഷിക്കാര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.
മറ്റുള്ളവര്‍ക്ക് വായ്പ കിട്ടാന്‍ രാജ്യത്ത് ധാരാളം സംവിധാനങ്ങള്‍ വേറെയുണ്ട്. മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.