ഐപിഎല്‍:റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം

Posted on: April 11, 2017 12:07 am | Last updated: April 11, 2017 at 12:07 am

ഇന്‍ഡോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എ ബി ഡിവില്ലേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ (46 പന്തില്‍ പുറത്താകാതെ 89) നാല് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.3 ഓവറില്‍ ലക്ഷ്യം കടന്നു. പുറത്താകാതെ 22 പന്തില്‍ 43 റണ്‍സടിച്ച ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്വെലാണ് വിജയം എളുപ്പമാക്കിയത്. ഹാഷിം അലം 58 നോട്ടൗട്ട് മാക്‌സ്വെലിന് പിന്തുണയേകി. വോഹ്‌റ 21 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായി.

പാണ്ഡ്യ സഹോദരന്‍മാര്‍ ജയമൊരുക്കി
മുംബൈ : ഐ പി എല്‍ പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ വിജയം സമ്മാനിച്ചത് പാണ്ഡ്യ സഹോദരന്‍മാര്‍ ! ആദ്യ കളിയില്‍ പത്ത് വിക്കറ്റ് ജയവുമായി കളം നിറഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് മുംബൈ പരാജയപ്പെടുത്തിയപ്പോള്‍ വെട്ടിത്തിളങ്ങിയത് ഹര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും. 179 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ വിജയത്തില്‍ എത്തിപ്പിടിക്കുന്നത് ഏഴാമനായെത്തിയ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിലാണ്. പതിനൊന്ന് പന്തില്‍ 29 റണ്‍സടിച്ച ഹര്‍ദിക് കൊല്‍ക്കത്തയുടെ രണ്ടാം വിജയം തടഞ്ഞു. മൂന്ന് ഫോറും രണ്ട് സിക്‌സറുകളും ഹര്‍ദിക് പറത്തി. ആറ് പന്തില്‍ പതിനൊന്ന് റണ്‍സടിച്ച ക്രുനാല്‍ പാണ്ഡ്യ ബാറ്റിംഗില്‍ അത്ര തിളങ്ങിയില്ലെങ്കിലും ബൗളിംഗില്‍ മാറ്ററിയിച്ചു. നാല് ഓവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ്. കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (19), റോബിന്‍ ഉത്തപ്പ (4), യൂസുഫ് പത്താന്‍ (6) എന്നീ തീപ്പൊരികളെയാണ് ക്രുനാല്‍ പാണ്ഡ്യ പുറത്താക്കിയത്.
119ന് അഞ്ച് എന്ന നിലയില്‍ മുംബൈ തകര്‍ച്ച നേരിട്ടപ്പോഴാണ് ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്. 29 പന്തില്‍ 50 റണ്‍സടിച്ച നിതീഷ് റാണയാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ മനീഷ് പാണ്ഡെ 81 നോട്ടൗട്ട് പ്രകടനവുമായി തിളങ്ങി.