ഇന്ത്യയും ആസ്‌ത്രേലിയയും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

Posted on: April 11, 2017 7:59 am | Last updated: April 11, 2017 at 12:01 am

ന്യൂഡല്‍ഹി: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറുകളിലേര്‍പ്പെടാന്‍ ധാരണയായത്. ആറോളം തന്ത്രപ്രധാന കരാറുകളിലാണ് ഇരുവരും ഒപ്പു വെച്ചത്. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യോമയാന സുരക്ഷ, പാരിസ്ഥിതികം, കായികം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു നേതാക്കളും ഒപ്പു വെച്ചത്. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള ടേണ്‍ബുളിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ബുളിന്റെ മുന്‍ഗാമിയായിരുന്ന ടോണി അബോട്ട് 2014 ഇന്ത്യയിലെത്തിയിരുന്നു. വികസനവഴിയില്‍ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഈ സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുതിയ തലങ്ങളിലേക്ക് വളരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകത്തെ സുപ്രധാന രാജ്യങ്ങളിലൊന്നിനെ സവിശേഷമായ വിധത്തിലാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയില്‍ മോദി നയിക്കുന്നതെന്ന് ടേണ്‍ബുള്‍ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഏറെ പ്രശംസ നേടിയതാണ് ഇന്ത്യയുടെ നേട്ടങ്ങള്‍. ഇന്ത്യയുമായി കഴിയുന്നത്ര ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസ്‌ത്രേലിയയിലുള്ള നിരവധി ആളുകള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. ഇത്തരത്തില്‍ ഒരുപാട് സമാനതകള്‍ പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ആണവക്കരാറിന്റെ അടിസ്ഥാനത്തില്‍ ആസ്ത്രേലിയയില്‍നിന്ന് യുറേനിയവുമായി ആദ്യ കപ്പല്‍ വരുന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശന വേളയില്‍ തീരുമാനിക്കും.